57 പവന്‍ കവര്‍ന്നു; മൊബൈല്‍ മറന്നുവച്ചു; മെസേജ് വച്ച് പിടിച്ചപ്പോള്‍ സഹോദരന്‍..!

വീട് കുത്തിത്തുറന്ന് പ്രവാസിയായ സഹോദരിയുടെ 57 പവൻ മോഷ്ടിച്ചു മുങ്ങിയ കണിയാപുരം ചിറ്റാറ്റുമുക്ക് വയലിൽക്കട നർഗീസ് മൻസിലിൽ ഷാഹീദി (50)നെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരി തമിഴ്നാട് പൊലീസിനു നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പൊലീസ് പറയുന്നത് : പ്രവാസിയായിരുന്ന ഷാഹീദിന്റെ കു‌ടുംബം തമിഴ്നാട്ടിലാണ് താമസം.

ഗൾഫിൽ ജോലി ഇല്ലാതായതോടെ ഏതാനും മാസങ്ങളായി കണിയാപുരത്തുള്ള ഭാര്യയുടെ വീട്ടിൽ താമസിക്കുന്ന ഷാഹീദ് ചിറ്റാറ്റുമുക്കിനു സമീപം പച്ചക്കറിക്കട നടത്തിയിരുന്നു. ആഴ്ചകൾക്കു മുൻപ് തമിഴ്നാട്ടിലുള്ള പ്രവാസിയായ സഹോദരി വീടുപൂട്ടി നാട്ടിലേക്കു പോയ സമയത്ത് കവർച്ച നടത്തുകയായിരുന്നു.   എന്നാൽ മോഷണശേഷം വീട്ടിൽ സ്വന്തം മൊബൈൽഫോൺ മറന്നുവച്ചതാണ് ഷാഹീദിനെ കുടുക്കിയത്. 

ബാങ്കിൽ നിന്നെടുത്ത വായ്പാ തുക ഉടനെ തിരിച്ചടയ്ക്കണം എന്ന സന്ദേശം ഫോണിൽ വന്നതിനെ തുടർന്ന്  ബാങ്കുമായി ബന്ധപ്പെട്ടാണ് ഫോണിന്റെ ഉടമയെ കണ്ടെത്തിയത്.  പൊലീസ് അന്വേഷിക്കുമ്പോൾ ഗൾഫിലേക്ക് മടങ്ങാനായി ഷാഹീദ് ഹൈദരാബാദിലെത്തിയിരുന്നു. അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്. 

കഠിനംകുളം പൊലീസിന്റെ സഹായത്തോടെ മോഷ്ടിച്ച സ്വർണത്തിൽ 52 പവൻ ചിറ്റാറ്റുമുക്കിലെ വീട്ടിൽ നിന്നു തമിഴ്നാട് പൊലീസ് കണ്ടെടുത്തു. കേരളത്തിലേക്കു കൊണ്ടുവരാൻ ഉപയോഗിച്ച കാർ വെഞ്ഞാറമൂടിനു സമീപം ഒളിപ്പിച്ച നിലയിലും കണ്ടെത്തി. കണിയാപുരത്തുള്ള ഒരു ബാങ്കിൽ നിന്നു വൻ തുക വായ്പ എടുത്തിരുന്നതായും അത് തിരിച്ചടക്കാനുള്ള തുക കണ്ടെത്താനായിട്ടാണ് മോഷണം നടത്തിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം.