ആരോടും കണ്ണില്ലാത്ത ക്രൂരത; പിടിയിലായാൽ ‘അവശത’; കാമുകിയുടെ കേസ് നടത്താനുള്ള പണത്തിനുള്ള അക്രമം

സുഖനിദ്രയിലായിരുന്ന കടപ്പാക്കട മേഖല പൊലീസുകാരെക്കൊണ്ടു നിറഞ്ഞത് ആദ്യം അധികമാരും അറിഞ്ഞില്ല. എന്നാൽ പൊലീസ് വാഹനങ്ങളിൽ നിന്നുള്ള സൈറൺ ശബ്ദവും തുടർന്നുള്ള അനൗൺസ്മെന്റും കേട്ടതോടെ ജനം ജാഗ്രതയിലായി. കടപ്പാക്കടയിൽ വാഹനങ്ങൾ കുറുകെയിട്ടു വിനീതിനെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിൽ ഉൾപ്പെടെ ഇടിച്ചാണു അയാൾ കാറുമായി സ്പോർട്സ് ക്ലബ്ബിനു സമീപം വരെ പോയത്.

ഇവിടെ ഡിവൈഡറിൽ കാർ ഇടിച്ചതോടെ ജനയുഗം റോഡിലൂടെ ഓടി മറഞ്ഞു. ഇതോടെ പൊലീസ് തിരച്ചിൽ ശക്തമാക്കി. ‘ഒരു മോഷ്ടാവ് ഈ മേഖലയിൽ എത്തിയിട്ടുണ്ട്. പൊതുജനങ്ങൾ വീടിനു പുറത്തിറങ്ങരുത്. ആരെങ്കിലും വിളിച്ചാൽ വാതിൽ തുറക്കരുത്. അയാളുടെ കയ്യിൽ മാരകായുധങ്ങളുണ്ട്’ തുടങ്ങിയ നിർദേശങ്ങൾ നൽകിയതോടെ ജനങ്ങളും പ്രതിരോധത്തിനായി തയാറെടുത്തു. തുടർന്നു നടത്തിയ സംയുക്ത നീക്കത്തിലാണു വിനീത് പിടിയിലായത്.

ആരോടും കണ്ണില്ലാത്ത ക്രൂരത; പിടിയിലായാൽ ‘അവശത’ 

പൊലീസ് പിടിയിലായാൽ കടുത്ത അവശത  അഭിനയിക്കുകയാണു വിനീതിന്റെ പതിവ്.  നാട്ടുകാരിൽ‌ നിന്നു മറ്റും ദേഹോപദ്രവം ഏൽക്കുന്നത്  ഒഴിവാക്കാനാണ് ഈ തന്ത്രം. ഇന്നലെ പിടിയിലായപ്പോഴും  ഇതു  പുറത്തെടുത്തു. ബോധരഹിതനായതു പോലെ അഭിനയിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ, മുന്നിൽ വന്നു പെടുന്ന ഇരകളോട് ഒരു കാരുണ്യവും വിനീത് കാണിക്കാറില്ല. ക്രൂരമായി ഉപദ്രവിക്കും.സൈക്കിൾ മോഷ്ടിക്കുക, ആ സൈക്കിൾ പകരം വച്ചു ബൈക്ക് മോഷ്ടിക്കുക, യാത്രക്കാരനെ കത്തി കാട്ടി കൊള്ളയടിച്ചു കാറും സ്വർണവും മൊബൈൽ ഫോണും കൊള്ളയടിക്കുക... ഇത്തവണ  രീതി ഇങ്ങനെയായിരുന്നു. 

രാത്രി വൈകി സഞ്ചരിക്കുന്നവരെ വാഹനം തടഞ്ഞോ കൈ കാണിച്ചോ നിർത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്നതാണു പതിവ്. വടിവാൾ വീശി പ്രഭാതസവാരിക്കാരുടെ ആഭരണങ്ങളും പണവും തട്ടുകയും ചെയ്യും.  ഇങ്ങനെയാണു  പേരിനൊപ്പം ‘വടിവാൾ’ കൂടി ചേർന്നത്. വിനീതിന്റെ സംഘാംഗങ്ങളായ ഷിൻസി, മിഷേൽ, ശ്യാംനാഥ്, വിഷ്ണുദേവ് എന്നിവരും പിടിയിലായിട്ടുണ്ട്. തമിഴ്നാട് മാർത്താണ്ഡത്തു നിന്നു മോഷ്ടിച്ച ബൈക്കിലാണു വിനീതും കാമുകി കൂടിയായ  ഷിൻസിയും പാരിപ്പള്ളിയിൽ എത്തുന്നത്. ബൈക്ക് ഇവിടെ ഉപേക്ഷിച്ച ശേഷം വാൻ മോഷ്ടിച്ചു പത്തനംതിട്ടയിലേക്കു കടന്നു. ഒപ്പം കവർച്ചകളും തുടർന്നു.

കൊല്ലത്ത് എത്തിയത് കാമുകിയുടെ കേസ് നടത്താനുള്ള പണത്തിന്

കവർച്ചയ്ക്കും പിടിച്ചുപറിക്കലിനുമിടെ പൊലീസ് പിടിയിലായ കാമുകി ഷിൻസിയെ രക്ഷപ്പെടുത്താനായുള്ള പണത്തിനു വേണ്ടിയാണു വിനീത് കൊല്ലത്തു തമ്പടിച്ചതെന്നു പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ നാഗർകോവിലിനു സമീപമുള്ള രാജപുരത്താണു വിനീതും ഷിൻസിയും അടക്കമുള്ള സംഘം താമസിച്ചിരുന്നത്. യുവതിക്കൊപ്പം അവിടെ താമസിക്കാൻ പറ്റില്ലെന്നു വീട്ടുടമ പറഞ്ഞതോടെ മറ്റൊരിടത്തേക്കു മാറി.  

പൊലീസ് ഇവിടെ അന്വേഷിച്ചെത്തിയതോടെ ഇവർ അവിടെ നിന്നു മുങ്ങി. ഈ യാത്രയ്ക്കിടെയാണു പാരിപ്പള്ളിയിലെ വർക്ക്ഷോപ്പിൽ നിന്ന്  വാൻ മോഷ്ടിക്കുന്നത്. തുടർന്നു വിവിധയിടങ്ങളിൽ ആക്രമണങ്ങളും കവർച്ചയും നടത്തുന്നതിനിടെ ഷിൻസി എറണാകുളത്തു പൊലീസിന്റെ പിടിയിലായി. പാരിപ്പള്ളിയിൽ റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിനും വക്കീൽ ഫീസിനും മറ്റുമായി പണം കണ്ടെത്താനാണു വിനീത് കൊല്ലത്തു തന്നെ നിലയുറപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.