സിനിമാ സ്റ്റൈലിൽ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം: ധനകാര്യ സ്ഥാപന ഉടമയും ക്വട്ടേഷൻ സംഘാംഗങ്ങളും പിടിയിൽ

പണമിടപാടു തർക്കത്തെത്തുടർന്ന് മുൻ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ധനകാര്യ സ്ഥാപന ഉടമയും ക്വട്ടേഷൻ സംഘാംഗങ്ങളും പിടിയിൽ. ആളെ ഇടിപ്പിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞ കാറിൽ നിന്ന് ഇറങ്ങിയോടിയവരെ ആശുപത്രിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഇവർ ക്വട്ടേഷൻ സംഘാംഗങ്ങളാണെന്ന് പൊലീസ് പറയുന്നു.

അതിരമ്പുഴ കുടിലിൽ കെ.ജെ. സെബാസ്റ്റ്യനെ (നെൽസൺ 58) കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ അതിരമ്പുഴ കൂനാനിക്കൽ റെജി പ്രോത്താസീസ് (52), എറണാകുളം ഏലൂർ കവലക്കൽ ജോസ് കെ. സെബാസ്റ്റ്യൻ (45), ഷൊർണൂർ ‍കുറിയിൽ കെ. സുജേഷ് (വിനോദ് - 32), തൃശൂർ ചീരൻകുഴിയിൽ സി.വി. ഏലിയാസ് കുട്ടി (32) എന്നിവരാണ് അറസ്റ്റിലായത്. റെജി കൃത്യത്തിൽ നേരിട്ടു പങ്കെടുത്തില്ല. റെജിയുടെ ബന്ധുവാണ് മറ്റൊരു പ്രതിയായ ജോസ് കെ. സെബാസ്റ്റ്യൻ.

ജോസിന്റെ സുഹൃത്തുക്കളാണ് മറ്റുള്ളവർ. ഇന്നലെ രാവിലെ ഏഴിന് അതിരമ്പുഴ– പാറോലിക്കൽ റോഡിലെ ഐക്കരക്കുന്നേൽ ജംക്‌ഷനിലായിരുന്നു സിനിമാ സ്റ്റൈൽ കൊലപാതക ശ്രമം. രാവിലെ നടക്കാനിറങ്ങിയതായിരുന്നു സെബാസ്റ്റ്യൻ. പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചുവെന്ന് സെബാസ്റ്റ്യൻ പറയുന്നു. നിയന്ത്രണം വിട്ട് കാർ പോസ്റ്റിലിടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന മുന്നു പേർ ഇറങ്ങിയോടി ഓട്ടോറിക്ഷയിൽ കയറി കടന്നുകളഞ്ഞു.  

പരുക്കേറ്റ സെബാസ്റ്റ്യനെ നാട്ടുകാർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ കാറിലുണ്ടായിരുന്നവരും ഇവിടെ ചികിത്സ തേടിയെത്തി. വിവരം അറിഞ്ഞ് പൊലീസും  എത്തി. തുടർന്നായിരുന്നു അറസ്റ്റ്. റെജി നൽകിയ ക്വട്ടേഷനാണന്നു സംഘാംഗങ്ങൾ പറഞ്ഞതായി പൊലീസ് പറയുന്നു. റെജിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. റെജിയുടെ പണമിടപാട് സ്ഥാപനത്തിലെ കലക്‌ഷൻ എടുക്കുന്നയാളായിരുന്നു സെബാസ്റ്റ്യൻ. റെജിയും സെബാസ്റ്റ്യനും തമ്മിൽ ഏതാനും നാളായി തർക്കമുണ്ട്. വൈരാഗ്യം തീർക്കാൻ റെജിയും സംഘാംഗങ്ങളും കൊലപാതകം ആസൂത്രണം ചെയ്തതെന്നു ഏറ്റുമാനൂർ എസ്എച്ച്ഒ സി.ആർ. രാജേഷ് കുമാർ പറഞ്ഞു.