പൊലീസ് ഔട്ട്പോസ്റ്റ് ആക്രമണ കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

കൊല്ലം തഴവയിലെ പൊലീസ് ഔട്ട്പോസ്റ്റ് ആക്രമണ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഒരു വര്‍ഷം മുന്‍പ് നടന്ന ആക്രമണത്തെപ്പറ്റി സഹതടവുകാരണ് പൊലീസിന് വിവരം നല്‍കിയത്. വാഹന പരിശോധന നടത്തുന്നതിലുള്ള വിരോധമാണ് ഔട്ട്പോസ്റ്റ് ആക്രമണത്തിന് കാരണമെന്നാണ് പ്രതികളുടെ മൊഴി.  

കഴിഞ്ഞ നവംബറിലാണ് കരുനാഗപ്പള്ളി തഴവയിലെ പൊലീസ് ഔട്ട്പോസ്റ്റ് നേരെ ആക്രമണമുണ്ടായത്. ഇരുചക്രവാഹനങ്ങളില്‍ നിന്നു  ഇന്ധനം മോഷ്ട്ടിച്ച ശേഷം വണ്ടിയും ഹെല്‍മറ്റുകളും കത്തിക്കുകയായിരുന്നു. ഒരു വര്‍ഷമായിട്ടും പ്രതികളെ പിടികൂടനായിരുന്നില്ല. മോഷണക്കേസില്‍ തടവില്‍ കഴിയുകയായിരുന്ന രണ്ടു പേര്‍ ഔട്ട്പോസ്റ്റ് ആക്രണത്തിന് പിന്നില്‍ തങ്ങളാണെന്ന് പറഞ്ഞതായി സഹതടവുകാര്‍ വിവരം നല്‍കി. അന്വേഷണം പുരോഗമിക്കവേ ജയില്‍ മോചിതരായവര്‍ ഒളിവില്‍ പോയി. 

തുടര്‍ന്ന് കരുനാഗപ്പള്ളി എസിപി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളായ ദിനു,ശ്രീജിത്ത് എന്നിവരെ അറസ്റ്റു ചെയ്തു. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ പോയതിന് പിഴ ഈടാക്കിയതിലുള്ള വൈരാഗ്യമാണ് ഔട്ട് പോസ്റ്റ് ആക്രമിക്കാന്‍ പ്രേരണയായതെന്നാണ് മൊഴി. ദിനുവും ശ്രീജിത്തും ഒട്ടേറ മോഷണ ക‍ഞ്ചാവു കടത്തുകേസുകളിലും പ്രതികളാണ്.