ഇടപെടണം; നീതി വേണം; ഇന്ത്യൻ ആർമിയുടെ പേജുകളിൽ മലയാളി; വിഡിയോകളും

കിളികൊല്ലൂരിൽ പൊലീസ് സൈനികനെ ക്രൂരമായി മർദിച്ച സംഭവം വലിയ വിവാദമാകുമ്പോൾ ഇന്ത്യൻ ആർമിയുടെ പേജുകളിലും മലയാളികളുടെ കമന്റുകൾ നിറയുകയാണ്. കേരള പൊലീസ് കാണിച്ച ഈ കാട്ടാളത്തിനെതിരെ ഇടപെടണം എന്നാവശ്യപ്പെട്ടാണ് സമൂഹമാധ്യമങ്ങളിൽ ക്യാംപെയിൻ നടക്കുന്നത്. മർദനത്തിന്റെ വിഡിയോ അടക്കം പങ്കിട്ടാണ് വിഷയത്തിൽ സൈന്യം ഇടപെടണമെന്ന് ആവശ്യപ്പെടുന്നത്. മർദനമേറ്റ സൈനികൻ വിഷ്ണുവിനെ പിന്തുണച്ചും നീതി തേടിയുമാണ് പോസ്റ്റുകളും കമന്റുകളും. ക്രിമിനലുകളെന്നാണ് പൊലീസിനെ വിശേഷിപ്പിക്കുന്നത്.

മര്‍ദനമേറ്റ യുവാക്കളുടെ പരാതിയില്‍ ഉന്നതതല അന്വേഷണം തുടരുമ്പോൾ വിഡിയോ പുറത്തു വന്നത് പൊലീസിനെയും പ്രതിരോധത്തിലാക്കുകയാണ്. പൊലീസ് പുറത്തുവിട്ട വിഡിയോയിൽ പൊലീസുകാരന്‍ തന്നെയാണ് സൈനികനെ അകാരണമായി ആദ്യം അടിച്ചതെന്നു വ്യക്തമാണ്. പൊലീസുകാരനായ പ്രകാശ് ചന്ദ്രൻ, സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയിൽ ഇരുവരും താഴെവീഴുന്നതും വിഡിയോയിലുണ്ട്.

എംഡിഎംഎ കേസുള്ളയാളെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് പേരൂർ സ്വദേശികളും സഹോദരങ്ങളുമായ വിഷ്ണുവിനെയും വിഘ്നേഷിനെയും മർദിച്ചതും കേസിൽ കുടുക്കിയതും. ഓഗസ്റ്റ് 25നായിരുന്നു സംഭവം. രണ്ടുമാസമായി മൂടിവച്ച വിഡിയോ പുറത്തുവിടുകയും പൊലീസ് പ്രതിക്കൂട്ടിലാവുകയും ചെയ്തതില്‍ പൊലീസില്‍തന്നെ ഒരുവിഭാഗത്തിന് അമര്‍ഷമുണ്ട്.