സ്കൂൾ കായികമേളയ്ക്കിടെ ഹാമർ വീണ് മൽസരാർഥിയുടെ അമ്മയ്ക്ക് പരുക്ക്

കൊല്ലം ചവറ ഉപജില്ലാ സ്കൂള്‍ കായികമേളയ്ക്കിടെ ഹാമര്‍ വീണ് മല്‍സരാര്‍ഥിയുടെ അമ്മയ്ക്ക് ഗുരുതര പരുക്ക്. മൈനാഗപ്പളളി വേങ്ങ സ്വദേശിനി മാജിത തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്. ശാസ്താംകോട്ട ഡിബി കോളജ് മൈതാനത്ത് ഇന്നലെയായിരുന്നു അപകടം.

ഹയര്‍സെക്കന്‍‍‍ഡറി വിഭാഗം ഹാമര്‍ ത്രോ മല്‍സരത്തിനിടെയാണ് മൈതാനത്ത് നില്‍ക്കുകയായിരുന്ന മാജിതയുടെ തലയില്‍ ഹാമര്‍ പതിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലുളള മാജിത അപകടനില തരണം ചെയ്തിട്ടില്ല. ഫുട്ബോള്‍ മല്‍സരത്തില്‍ പങ്കെടുത്ത മകന്‍ ഫിറോസിനെ വിളിക്കാനായി എത്തിയതായിരുന്നു മാജിത. സുരക്ഷ ഒരുക്കാതെയാണ് മല്‍സരം നടത്തിയതെന്നാണ് ആക്ഷേപം. ഹാമര്‍ത്രോ മല്‍സരം നടക്കുന്നതിനിെട മൈതാനത്ത് ഒാട്ടമല്‍സരവും നടത്തിയിരുന്നു.

         

2019 ഒക്ടോബറില്‍ പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്്ലറ്റിക്സിനിടെയാണ് ഹാമര്‍ പതിച്ച് വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സണ്‍ മരിച്ചത്. ഇതിന് ശേഷം എല്ലാ കായികമേളയിലും കൃത്യമായ മാനദണ്ഡം പാലിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ദേശമുളളതാണ്. എന്നാല്‍ ഉപജില്ലാ കായികമേളകളില്‍ ഇപ്പോഴും അനാസ്ഥയെന്നാണ് വ്യക്തമാകുന്നത്.