കല്ലുംകടവ് പാലത്തിന്റെ സമീപപാത തകർന്നു; ഗതാഗത നിയന്ത്രണം

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കൊല്ലം പത്തനാപുരത്തെ കല്ലുംകടവ് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. പാലത്തിനോട് ചേർന്നുള്ള ഭാഗത്തെ മണ്ണിടിഞ്ഞ് താഴ്ന്നതാണ് പാലത്തെ അപകടാവസ്ഥയിലാക്കിയത്. പ്രധാന പാതകളിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. 

പത്തനാപുരം വലിയതോടിന് കുറുകെ പത്തനംതിട്ട ജില്ലയെ ബന്ധിപ്പിക്കുന്ന  പ്രധാനപാലമാണിത്.  രാത്രി പാലത്തിന്റെ ഒരുവശത്തെ മണ്ണിടിഞ്ഞ് താഴ്ന്നതോടെ പാലം അപകടാവസ്ഥയിലായി. ഗതാഗതം പൂർണമായും നിരോധിച്ചു. പാലത്തിനോട് ചേർന്ന് സമാന്തരമായി കെഎസ്ടിപി പുതിയപാലത്തിന്റെ നിർമാണ പ്രവൃത്തികൾ നേരത്തെ തുടങ്ങിയിരുന്നു. ഇവിടെ ജലവിതരണ പൈപ്പ് പൊട്ടിയതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് വിവരം.

കെഎസ്ടിപി , പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. ദ്രുതഗതിയിൽ നിർമാണ പ്രവർത്തികൾ പൂർത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു പുനലൂർ - പത്തനംതിട്ട , പത്തനാപുരം - അടൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴി തിരിഞ്ഞു പോകണം. തമിഴ്നാട്ടിൽ നിന്ന് ആലപ്പുഴ, കോട്ടയം ഭാഗത്തേക്കുള്ള ദീർഘദൂര യാത്രക്കാരും ചരക്കു വാഹനങ്ങളും കൊട്ടാരക്കരയിലൂടെയുള്ള എംസി റോഡിനെ ആശ്രയിക്കണം.  കോന്നി , കലഞ്ഞൂർ വഴി പുനലൂരിലേക്ക് വരുന്ന വാഹനങ്ങൾ ഇടത്തറ പാതിരിക്കൽ വഴി താലൂക്ക് ആശുപ്രതി ജംക്ഷനിലൂടെ പുനലൂരിലേക്ക് പോകാം.  കായംകുളം അടൂർ ഭാഗങ്ങളിൽ നിന്ന് പത്തനാപുരത്തേക്ക് വരുന്ന വാഹനങ്ങൾ ശാലേപുരം ജംക്ഷൻ, മഞ്ചള്ളൂർ വഴി പത്തനാപുരം  ടൗണിൽ എത്താനാകും. ശബരിമല തീർത്ഥാടനം തുടങ്ങാനിരിക്കെ ദിവസങ്ങൾക്കകം ഗതാഗതം പുനസ്ഥാപിക്കാനാണ് ശ്രമം.