'വിമര്‍ശനം സൈന്യത്തിനെതിരല്ല; ഇന്ത്യക്കാര്‍ ആവേശം കാട്ടേണ്ട': ഇമ്രാന്‍ ഖാന്‍

പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായതോടെ പിന്‍വലിഞ്ഞ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ വിമര്‍ശനങ്ങള്‍ സൈന്യത്തെ തളര്‍ത്താനല്ല, ശക്തിപ്പെടുത്താനാണെന്ന് ഇമ്രാന്‍ അവകാശപ്പെട്ടു. ക്രിയാത്മകമായി പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും ഇമ്രാന്‍ പറഞ്ഞു. അഴിമതിക്കെതിരെ ന‌ടത്തുന്ന 'ഹഖീഖി ആസാദി' മാര്‍ച്ചിലാണ് വിശദീകരണം. തന്റെ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിച്ച വാര്‍ത്താപ്രാധാന്യത്തെയും ഇമ്രാന്‍ വിമര്‍ശിച്ചു. ‘ഇന്ത്യക്കാര്‍ തെറ്റിദ്ധരിക്കേണ്ട. ഇത് ഞങ്ങളുടെ സൈന്യമാണ്. അതിനെതിരെ ഞങ്ങള്‍ ഒരിക്കലും നിലപാടെടുക്കില്ല’ തെഹ്‍രിഖ്–ഇ–ഇന്‍സാഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഇമ്രാന്‍ പറഞ്ഞു.

മാര്‍ച്ചില്‍ ഭരണം നഷ്‌ടമാകുമെന്ന അവസ്ഥ വന്നപ്പോള്‍ ഇമ്രാന്‍ ഖാന്‍ കരസേനാമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്‍വയ്ക്ക് അനിശ്ചിതകാലത്തേക്ക് സര്‍വീസ് നീട്ടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി വ്യാഴാഴ്ച ഐഎസ്ഐ മേധാവി അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം പരസ്യമായി സമ്മതിക്കേണ്ടിവന്നതിന് പിന്നാലെയാണ് ഇമ്രാന്‍ സൈന്യത്തിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്. കൊള്ളക്കാരായ ഭരണനേതൃത്വത്തെയാണ് സൈന്യം പിന്തുണയ്ക്കുന്നത്. താനും അങ്ങനെ ചെയ്യണമെന്നാണ് സൈനികനേതൃത്വം ആഗ്രഹിക്കുന്നതെങ്കില്‍ ന‌ടപ്പില്ലെന്ന് ഇമ്രാന്‍ പറഞ്ഞു. തന്റെ പാര്‍ട്ടി നേതാക്കളായ ഷാബാസ് ഗില്ലിനെയും അസം സ്വാത്തിയെയും കസ്റ്റഡിയില്‍ മര്‍ദിച്ചതിനും ഇമ്രാന്‍ സൈന്യത്തെ കുറ്റപ്പെടുത്തി. ഒരു സംവിധാനവും രാജ്യത്തെ നിയമത്തിന് മുകളിലല്ലെന്നും നിയമവാഴ്ച നടപ്പാക്കാന്‍ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനറല്‍ ബാജ്‍വ ഈമാസം 29ന് വിരമിക്കാനിരിക്കെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചയില്‍ തന്നെയും പങ്കെടുപ്പിക്കണമെന്ന് ഇമ്രാന്‍ ആവശ്യപ്പെട്ടതായി പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് വെളിപ്പെടുത്തിയിരുന്നു. ഈ ആവശ്യം അപ്പോള്‍ത്തന്നെ നിഷേധിച്ചെന്നും ഷാബാസ് പറഞ്ഞു. എന്നാല്‍ ഇത്തരമൊരാവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ഇമ്രാന്‍ പ്രതികരിച്ചു. ചെരുപ്പുനക്കികളുമായി താന്‍ സംസാരിക്കാറില്ലെന്ന കടുത്ത പരാമര്‍ശവും പിടിഐ അധ്യക്ഷന്‍ നടത്തി.

അഴിമതിക്കെതിരെ എന്നാണ് അവകാശവാദമെങ്കിലും പൊതുതിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താനാണ് ഇമ്രാന്‍ ഖാന്‍ ഇസ്‍ലാമബാദിലേക്ക് മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ച് നാലിന് പത്തുമുതല്‍ പതിനഞ്ചുലക്ഷം പ്രവര്‍ത്തകര്‍ ഇസ്‍ലാമബാദിലെത്തുമെന്ന് പിടിഐ അവകാശപ്പെട്ടു. തലസ്ഥാനത്ത് റാലി നടത്താന്‍ ഇതുവരെ ഇമ്രാന് അനുമതി ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ നല്‍കിയ ഉറപ്പുകളെല്ലാം ലഘിച്ച സാഹചര്യത്തിലാണ് അനുമതി വൈകുന്നത്. അതിനിടെ ഇമ്രാന്‍ സഞ്ചരിക്കുന്ന കണ്ടെയ്നര്‍ ട്രക്ക് ഇടിച്ച് ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് ഒരു ദിവസം നിര്‍ത്തിവച്ചു. ചാനല്‍ ഫൈവ് റിപ്പോര്‍ട്ടര്‍ സദഫ് നയീമിന്റെ മരണത്തില്‍ പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് ഉള്‍പ്പെടെ ഭരണകക്ഷിനേതാക്കള്‍ ഇമ്രാനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി.

ENGLISH SUMMARY.. "India, Don't Misunderstand, We Stand With Our Army": Imran Khan Clarifies