‘തോറ്റവരെ ജയിപ്പിച്ചു’; കൃത്രിമം നടന്നെന്ന് വെളിപ്പെടുത്തി രാജി; കുലുങ്ങി പാകിസ്ഥാന്‍

Pakistan Tehreek-e-Insaf (PTI) supporters watch the general election results at a PTI office in Islamabad, Pakistan February 8, 2024. REUTERS/Gabrielle Fonseca Johnson

തെരഞ്ഞെടുപ്പില്‍ അഴിമതിയും ഉന്നത ഇടപെടലും ആരോപിച്ച് പാകിസ്ഥാനില്‍ രാജി പ്രഖ്യാപിച്ച് ഇലക്ഷന്‍ ഉദ്യോഗസ്ഥന്‍. റാവല്‍പിണ്ടി കമ്മീഷണറായ ലിയാഖത്ത് അലി ചാത്തയാണ് രാജി വച്ചത്. താന്‍ ചെയ്​ത തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ലിയാഖത്ത് അലി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തി എന്നാരോപിച്ച്,  ജയിലിലുള്ള മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ തെഹരീക്–ഇ–ഇന്‍സാഫ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഉദ്യോഗസ്ഥന്‍റെ രാജി പ്രഖ്യാപനവും എത്തുന്നത്. 

തോറ്റ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചുവെന്ന് ലിയാഖത്ത് അലി മാധ്യമങ്ങളോട് പറഞ്ഞു. 'ചെയ്​ത തെറ്റുകളുടെയെല്ലാം ഉത്തരവാദിത്തം ഞാനേല്‍ക്കുകയാണ്. മുഖ്യ ത‌ിരഞ്ഞെടുപ്പ് കമ്മീഷണറും ചീഫ് ജസ്​റ്റിസും തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടുണ്ട്. രാജ്യത്തെ പിറകില്‍ നിന്നും കുത്തിയിട്ട് എനിക്ക് ഉറങ്ങാനാവില്ല. ചെയ്​ത തെറ്റിനുള്ള ശിക്ഷ എനിക്ക് ലഭിക്കണം. അതുപോലെ ഈ തെറ്റില്‍ ഉള്‍പ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെടണം. വലിയ സമ്മര്‍ദമായിരുന്നു എന്‍റെ മേലുണ്ടായിരുന്നത്. ആത്മഹത്യ ചെയ്യാന്‍ പോലും തോന്നി. എന്നാല്‍ ഇതെല്ലാം ജനങ്ങളോട് പറയണമെന്ന് തോന്നി. ഈ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി തെറ്റ് ചെയ്യരുതെന്ന് എല്ലാ ഉദ്യോഗസ്ഥരോടും പറയുകയാണ്,' ലിയാഖത്ത് അലി പറഞ്ഞു. 

അതേസമയം ലിയാഖത്ത് അലിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റം വരുത്താന്‍ റാവല്‍പിണ്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കമ്മീഷന്‍ പുറത്തുവിട്ട പ്രസ്​താവനില്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ അഴിമതി നടന്നതിന് ലിയാഖത്ത് അലി തെളിവുകളൊന്നും കാണിച്ചിട്ടില്ലെന്ന് പറഞ്ഞ് മന്ത്രി അമീര്‍ മിറും രംഗത്തെത്തി. മാര്‍ച്ച് 13ന് ലിയാഖത്ത് വിരമിക്കേണ്ട ദിവസമായിരുന്നുവെന്നും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ പുതിയ കരിയര്‍ തുടങ്ങാനുള്ള ഉദ്ദേശമുണ്ടായിരിക്കുമെന്നും മിര്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന് പുറമെ, ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐ-എഫ്), ഗ്രാൻഡ് ഡെമോക്രാറ്റിക് അലയൻസ് (ജിഡിഎ) തുടങ്ങിയ സംഘടനകളും തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതായി പരാതിപ്പെട്ടിരുന്നു.

Election official resigns in Pakistan after accusing corruption in elections