പാകിസ്താൻ യുവതിയുടെ ഹൃദയം മാറ്റിവെച്ചത് വഴിവിട്ട സഹായത്തോടെയെന്ന് ആരോപണം; നിഷേധിച്ച് തമിഴ്നാട്

ചെന്നൈയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ പാകിസ്താൻ യുവതിക്ക് അവയവം ലഭിച്ചത് വഴിവിട്ട സഹായത്തോടെയെന്ന ആരോപണം നിഷേധിച്ച് തമിഴ്നാട്. ഇന്ത്യൻ പൗരന്‍മാര്‍ക്ക് അവയവങ്ങൾ പൊരുത്തപ്പെടാത്തപ്പോൾ മാത്രമാണ് വിദേശികൾക്ക് അനുവദിക്കുന്നതെന്നാണ് ട്രാന്‍സ്പ്ലാന്‍റ് അതിറിറ്റി വിശദീകരണം. പാകിസ്താനില്‍ നിന്നുള്ള ആയിഷ റാഷൻ എന്ന 19കാരിക്കാണ് അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. 

ഇന്ത്യക്കാരുടെ അവയവങ്ങൾ പാകിസ്താന് നൽകുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഇന്ത്യക്കാർക്ക് സംസ്ഥാനം പ്രാധാന്യം നൽകുന്നില്ല.  പാകിസ്താന്‍കാരി വഴിവിട്ട സഹായത്തോടെയാണ് ഹൃദയം സ്വീകരിച്ചത്. ഇത്തരത്തിൽ നിരവധി ആരോപണങ്ങളാണ് 19കാരിയുടെ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നത്. കഴിഞ്ഞ ജനുവരിയിലാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ  കറാച്ചി സ്വദേശിയായ ആയിഷ റാഷൻ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അഞ്ചുവർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് 19കാരിക്ക് പുതുജീവൻ ലഭിച്ചത്.

2019 ലാണ് ഗുരുതര ഹൃദയ തകരാറുമായി ആയിഷ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഉടനടി ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം എന്നായിരുന്നു  നിർദ്ദേശം. ഹൃദയത്തിനായി തമിഴ്നാട് ട്രാൻസ്പ്ലാന്‍റ് അതോറിറ്റിയിൽ വിവരങ്ങൾ സമർപ്പിച്ചു. ഇതിനിടെ ഹൃദയാഘാതം ഉണ്ടായ പെൺകുട്ടിക്ക് എൽ.വി.എ.ഡി എന്ന താൽക്കാലിക ഉപകരണം ഘടിപ്പിച്ചിരുന്നു. ഉപകരണത്തിന്‍റെ പ്രവർത്തനം നിരീക്ഷിക്കാനുള്ള സംവിധാനം പാകിസ്താനിൽ ഇല്ലാത്തതിനാൽ പെൺകുട്ടി വീണ്ടും കഴിഞ്ഞ ജൂണിൽ ഇന്ത്യയിലെത്തി.  ഇതിനിടെയാണ് ഡൽഹിയിൽ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം പെൺകുട്ടിക്ക് പൊരുത്തമാണെന്ന് കണ്ടെത്തിയത്. 

ശസ്ത്രക്രിയയുടെ വാർത്ത പുറത്തുവന്നതോടെയാണ് വിദ്വേഷ ആരോപണങ്ങൾ ഉയർന്നത്. ഇന്ത്യൻ പൗരന്മാർക്ക് പൊരുത്തമാകാത്തപ്പോഴാണ് വിദേശികൾക്ക് അവയവം അനുവദിക്കുന്നതെന്ന് തമിഴ്നാട് ട്രാൻസ്പ്ലാന്‍റ് അതോറിറ്റി വിശദീകരണം ഇറക്കി.  അവയവ സ്വീകർത്താക്കളെ നിർണയിക്കുന്നത് നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ മേൽനോട്ടം വഹിക്കുന്നുണ്ടെന്നു ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും തമിഴ്നാട് ട്രാൻസ്പ്ലാന്‍റ് അതോറിറ്റി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ പറഞ്ഞു. അതേസമയം ശസ്ത്രക്രിയ പൂർത്തിയാക്കിയ ആയിഷ ആരോഗ്യവതിയാണ്. സ്വകാര്യ ആശുപത്രി ചികിത്സ ഇളവ് അനുവദിച്ചതോടെയാണ് ശസ്ത്രക്രിയ സാധ്യമായത്.  കൂടുതൽ നിരീക്ഷണങ്ങൾക്ക് ശേഷം  വൈകാതെ പെൺകുട്ടിയും കുടുംബവും പാകിസ്താനിലേക്ക് മടങ്ങും.

Allegation that the Pakistani woman got the organ with the wrong help; Tamil Nadu denied