വെള്ളത്തിലും സുരക്ഷിതരായിരിക്കണം; സൗജന്യ നീന്തല്‍ പരിശീലനവുമായി സൗഹൃദക്കൂട്ടം

പുഴകളിലും കയങ്ങളിലും അകപ്പെട്ടുള്ള അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ സൗജന്യ നീന്തല്‍ പരിശീലനവുമായി സൗഹൃദക്കൂട്ടം. പാലക്കാട് പൂവത്താണി റിവര്‍ ഫ്രണ്ട്‌സ് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് കുട്ടികളെ പുഴയു‍ടെ ആഴം പഠിപ്പിച്ച് സുരക്ഷിതരാക്കുന്നത്. ജനപ്രതിനിധികളും രക്ഷിതാക്കളും വലിയ ലക്ഷ്യത്തിന് കരുത്തായുണ്ട്. 

നിലയില്ലാക്കയങ്ങളില്‍ നിന്നും നീന്തിയേറാനുള്ള പരിശീലനമാണ്. ഇരുപതു വര്‍ഷം മുന്‍പ് ഇതേ കടവില്‍ വ്യായാമത്തിനായി നീന്തിത്തുടങ്ങിയ പതിനഞ്ചംഗ ചങ്ങാതിക്കൂട്ടം  മുടക്കമില്ലാതെ ദിനചര്യ തുടര്‍ന്നു. നാട്ടുകാരായ രണ്ടു കുട്ടികള്‍ തൂതപ്പുഴയില്‍ മുങ്ങിമരിച്ചതിന് പിന്നാലെയാണ് താല്‍പര്യമുള്ളവരെ നീന്തല്‍ പരിശീലിപ്പിച്ച് തുടങ്ങിയത്. നിരവധി കുരുന്നുകളും യുവാക്കളും കയങ്ങളില്‍പ്പെടാതെ കരയടുക്കാന്‍ പഠിച്ച് കഴിഞ്ഞു. 

അവധിക്കാലത്തെ നീന്തല്‍പരിശീലനം ഉദ്ഘാടനം ചെയ്ത തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീമും നീന്തല്‍ പഠിക്കാനിറങ്ങി. ഭിന്നശേഷിക്കാരനായതിനാല്‍ ഇതുവരെ നീന്തല്‍ പരിശീലനത്തിനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന് പ്രസിഡന്‍റ്. 

2018 ഓഗസ്റ്റിലാണ് ക്ലബ്ബിന് രൂപം നല്‍കിയത്. മുപ്പത്തി എട്ട് അംഗങ്ങളെന്ന സംഖ്യ എണ്‍പത്തി ഏഴായി ഉയര്‍ന്നു. ആയിരത്തിലധികമാളുകള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാനായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പുഴസംരക്ഷണ പ്രവര്‍ത്തനങ്ങളും ക്ലബിന്‍റെ ഭാഗമാണ്.