നവജാതശിശുവിന്‍റെ മരണം; സമരത്തിനൊരുങ്ങി പരാതിക്കാരി

കോഴിക്കോട് താമരശേരിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍  സമരത്തിനൊരുങ്ങി പരാതിക്കാരി ബിന്ദു. അഡീഷണല്‍ ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതിനെ തുടര്‍ന്നാണ് ബിന്ദു താമരശേരി താലൂക്ക് ആശുപത്രിക്ക് മുന്‍പിലാണ് സമരമിരിക്കാന്‍ ഒരുങ്ങുന്നത്. താമരശേരി ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണ് നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിക്കാനിടയായതെന്നാണ് പരാതി. 

ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിന്ദു മുട്ടാത്ത വാതിലുകളില്ല. ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് ഡി.എം.ഒ അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ഡിഎംഒയുടെ അന്വേഷണത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് ആണ് ഈ ആഴ്ച മുതല്‍ സമരം ആരംഭിക്കുന്നത്.

അഡീഷണല്‍ ഡിഎംഒയുടെ സംഘം ഒരാഴ്ച മുമ്പാണ് താമരശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെയും ബിന്ദുവിന്‍റെയും മൊഴിയെടുത്തത്. താമരശേരി എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കാതെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് വാദം.

കഴിഞ്ഞിദിവസം അഡീഷണല്‍ ഡിഎംഒ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. മെഡിക്കല്‍ കോളജ് ജീവനക്കാരുടെ മൊഴിയെടുക്കാനുള്ള കാലതാമസമാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് ഡി.എം.ഒ ഡോ.രാജേന്ദ്രന്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് വെന്‍റിലേറ്ററില്‍ ചികിത്സയിലിരിക്കെ 15ന് ആണ് നവജാതശിശുമരിച്ചത്.