കാമുകിയുടെ ബര്‍ഗറിന്റെ കഷ്ണം കടിച്ചു; സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

കാമുകിയുടെ ബര്‍ഗറിന്റെ കഷ്ണം കടിച്ചെടുത്തെന്നാരോപിച്ച് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. ഫെബ്രുവരി 8ന് നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. കറാച്ചി സെഷന്‍ ജഡ്ജിയുടെ മകന്‍ അലി കീരിയോ ആണ് സുഹൃത്തിനാല്‍ കൊല്ലപ്പെട്ടത്. സീനിയര്‍ പൊലീസ് സുപ്രണ്ടിന്റെ മകന്‍ ദനിയല്‍ ആണ് പ്രതി. ദനിയലിന്റെ കാമുകിയുടെ ബര്‍ഗര്‍ കഷ്ണം മനപൂര്‍വം കടിച്ചെടുത്തു എന്നതിന്റെ പേരിലാണ് അലിയെ കൊലപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്, ദനിയല്‍ തന്റെ കാമുകി ഷസിയയെ വീട്ടിലേക്ക് ക്ഷണിച്ചു. സുഹൃത്ത് അലി കീരിയോയും സഹോദരനും വീട്ടിലെത്തിയിരുന്നു. ദനിയല്‍ തനിയ്ക്കും കാമുകിക്കും വേണ്ടി രണ്ട് ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തു. ബര്‍ഗര്‍ എത്തിയ ശേഷം ഒരു കഷ്ണം ബര്‍ഗര്‍ വേണമെന്ന് അലി ആവശ്യപ്പെടുകയും ഇവര്‍ തമ്മില്‍ വലിയ തര്‍ക്കത്തിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടുകയുമായിരുന്നു. പിന്നാലെ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ദനിയല്‍ അലിക്കെതിരെ നിറയൊഴിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഓഫീസറുടെ മകന്‍ പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു. തടവില്‍ കഴിയുന്ന പ്രതി ദനിയല്‍ നസീര്‍ വിചാരണ നേരിടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

Pakistan man kills a man for taking a piece of burger of girlfriend