മദ്യദുരന്തമുണ്ടായ അതേ ദിനം തന്നെ മോചനം; മഞ്ഞ ഷാൾ അണിയിച്ച് സുഹൃത്തുക്കൾ

മദ്യദുരന്തം ഉണ്ടായ അതേ ദിവസമാണ് 22 വർഷങ്ങൾക്ക് ശേഷം മണിച്ചന്റെ മോചനവും. 2000 ഒക്ടോബർ 21നായിരുന്നു കല്ലുവാതുക്കൽ  മദ്യദുരന്തം.നെട്ടുകാൽത്തേരി ജയിലിൽ നിന്ന് പുറത്തെത്തിയ മണിച്ചനെ മഞ്ഞ ഷാൾ അണിയിച്ചാണ് സുഹൃത്തുക്കള്‍ മണിച്ചനെ സ്വീകരിച്ചത്. മാധ്യമങ്ങൾ കാത്തുനിന്നെങ്കിലും പ്രതികരിക്കാൻ തയാറാകെ മണിച്ചൻ ചിറയിൻകീഴിലെ വീട്ടിലേക്കു പോവുകയായിരുന്നു.

മണിച്ചനടക്കം 33 പേരെ മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പിഴത്തുക ഒടുക്കാൻ കഴിയാത്തതിനാൽ മോചനം നീളുകയായിരുന്നു. മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് മോചനം സാധ്യമായത്. മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിഴയായി വിധിച്ച 30.45 ലക്ഷം രൂപ ഈടാക്കാതെ തന്നെ ഉടൻ മോചിപ്പിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. രാവിലെ 11 മണിയോടെ മണിച്ചന്റെ മകൻ പ്രവീണും സഹോദരൻ കൊച്ചനിയും അഭിഭാഷകനും എസ്എൻഡിപി ഭാരവാഹികളും ജയിലിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി 12 മണിക്ക് മണിച്ചൻ ജയിൽ മോചിതനായി. 

2000 ഒക്ടോബര്‍ 21നാണ് കൊല്ലത്തെ കല്ലുവാതുക്കൽ, പട്ടാഴി അടക്കമുള്ള സ്ഥലങ്ങളിൽ മദ്യദുരന്തമുണ്ടായത്. 31 പേരാണ് ഹയറുന്നീസയെന്ന മദ്യവിതരണക്കാരി വിതരണം ചെയ്ത വ്യാജമദ്യം കുടിച്ച് മരിച്ചത്. നിരവധിപേര്‍ക്ക് ശാരീക പ്രശ്നങ്ങളുണ്ടായി. 1982ലെ വൈപ്പിൻ വിഷമദ്യദുരന്തത്തിനുശേഷം ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായ മദ്യദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. അപകടമുണ്ടായി 35 ദിവസത്തിനുശേഷം നാഗർകോവിലിൽനിന്നാണ് മണിച്ചനെ അറസ്റ്റു ചെയ്തത്.

മണിച്ചനിൽനിന്ന് സ്പിരിറ്റ് വാങ്ങിയിരുന്ന കൊല്ലം കല്ലുവാതുക്കൽ സ്വദേശി ഹൈറുന്നീസ വിതരണം ചെയ്ത മദ്യം കുടിച്ചവർ കൂട്ടത്തോടെ മരിച്ചതോടെ മണിച്ചന്റെ സാമ്രാജ്യം ഉലഞ്ഞു. കേസിൽ പ്രതിയായതോടെ രാഷ്ട്രീയ നേതൃത്വം അകൽച്ചയിലായി. സുഹൃത്തുകളിൽ ചിലർ പണവുമായി മുങ്ങി. വസ്തുക്കൾ നഷ്ടമായി. കേസ് നടത്തിപ്പിനായി കുടുംബം ഏറെ കഷ്ടപ്പെട്ടു. വലിയ കടഭാരമാണ് കേസ് ഉണ്ടാക്കിയത്. വീട്ടിൽ പ്രയാസങ്ങളുമായി എത്തിയിരുന്നവർക്ക് നോട്ടുകെട്ടുകളിൽനിന്ന് നോട്ടുകൾ ഇഷ്ടംപോലെ എടുത്തു കൊടുത്തിരുന്ന മണിച്ചൻ കേസ് നടത്തിപ്പിനു പണമില്ലാതെ വലഞ്ഞു.