സജീവന്റെ മരണം കൊലപാതകം; സുഹൃത്തും ഭാര്യയും അറസ്റ്റിൽ

കുമളി ഒട്ടകത്തലമേട്ടിൽ 55കാരന്റെ  മരണം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഒട്ടകത്തലമേട് സ്വദേശി ബാലകൃഷ്ണനേയും ഭാര്യ ശാന്തിയേയും കുമളി പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച സജീവന്റെ  തലയിൽ രക്തം കട്ടപിടിച്ചതായും, കഴുത്ത് ഒടിഞ്ഞതായും പോസ്റ്റുമാർട്ടം റിപ്പോർട്ട്.

കുമളി സ്വദേശിയായ സജീവനെയാണ് സുഹൃത്ത്  ബാലകൃഷ്ണനും, ഭാര്യ ശാന്തിയും ചേർന്ന് കൊലപ്പെടുത്തിയത്. ദീപാവലി ആഘോഷിക്കാൻ ബാലകൃഷ്ണൻ സജീവനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. തുടർന്ന് ഇവർ തമ്മിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍  കലാശിച്ചത്.  സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ, മദ്യ ലഹരിയിൽ സജീവനും ബാലകൃഷ്ണനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. വീടിനു സമീപം കിടന്ന കമ്പ് ഉപയോഗിച്ച് ബാലകൃഷ്ണൻ സജീവന്റെ  തലയ്ക്കടിച്ചു. 

അബോധാവസ്ഥയിലായ സജീവന്റെ  കഴുത്തിൽ ശാന്തിയുടെ സാരി ഉപയോഗിച്ച് മുറുക്കി. പുലർച്ചെ സജീവന്റെ മുഖത്ത് വെള്ളം തളിച്ച് ഉണർത്താൻ ശ്രമിച്ചെങ്കിലും ഉണർന്നില്ല. മരണം ഉറപ്പാക്കിയതോടെ നാട്ടുകാരെ വിളിച്ച് സജീവൻ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോ എന്ന് സംശയം ഉള്ളതായും പറഞ്ഞു. നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെ സജീവന്റെ  കഴുത്തിലെ മുറിപ്പാട് കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. 

പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ സജീവന്റെ തലയിൽ രക്തം കട്ടപിടിച്ചതായും, കഴുത്ത് ഒടിഞ്ഞതായും ദേഹത്ത് മറ്റ് പരുക്കുകൾ ഉണ്ടെന്നും കണ്ടെത്തി. ദമ്പതികൾ ചേർന്ന് സജീവനെ കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. ഇരുവരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കുമളി സി. ഐ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.