എടവണ്ണയിലെ സക്കീർ ഹുസൈന്റെ മരണത്തിൽ ദുരൂഹത

മലപ്പുറം എടവണ്ണ ജമാലങ്ങാടിയില്‍ അമ്പായത്തിങ്ങല്‍ സക്കീര്‍ ഹുസൈനെ ദുരൂഹ സാഹചര്യത്തില്‍ വീടിനു മുന്‍പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് മരിച്ചുവെന്നാണ് വിവരം.  

വീടിന്റെ മുന്‍ഭാഗത്തെ മുറ്റത്ത് സക്കീര്‍ ഹുസൈനെ മരിച്ച നിലയില്‍ പുലര്‍ച്ചെ സഹോദരനാണ് കണ്ടെത്തിയത്. തല പൊട്ടി ചോര പരന്നൊഴുകിയ നിലയിലായിരുന്നു. വീടിനു മുകളില്‍ നിന്നു താഴേക്കു വീണാണ് മരണം. സംഭവസമയത്ത് വീട്ടില്‍ മറ്റാരുമില്ലായിരുന്നുവെന്നാണ് കുടുംബം നല്‍കിയ മൊഴി. എന്നാല്‍ അപകട സമയത്തോ, മുന്‍പോ മറ്റാരുടെയെങ്കിലും സാന്നിധ്യമുണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. 

വീടിനുളളില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി. ഭാര്യയും മക്കളും സക്കീര്‍ ഹുസൈനുമായി അകന്നായിരുന്നു താമസം. ഉമ്മ വീട്ടില്‍ താമസിക്കാറുണ്ടെങ്കിലും അപകടസമയത്ത് ഇല്ലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എ.എസ്.പി... എം. ഹേമലതയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗവും തെളിവ് ശേഖരിച്ചു.