കവർച്ചയ്ക്കിടെ ഒാരോ വളവിലും മാറും; കാമറയെ കബളിപ്പിക്കാൻ അടവ്; ഒടുവിൽ

മാല കവർച്ചയ്ക്കിടെ ഓരോ പത്ത് കിലോ മീറ്ററിലും വേഷം മാറും. ബൈക്കിന്റെ നമ്പർ ചുരണ്ടി വേറേ നമ്പരാക്കും. റോഡിലെ നിരീക്ഷണ ക്യാമറകളെയും കബളിപ്പിച്ച് ജിബിൻ ജോണിയുടെ കവർച്ചാതന്ത്രങ്ങൾ. ജീൻസ്, ലുങ്കി, ബനിയൻ തുടങ്ങി വേഷം മാറ്റത്തിനുള്ളതെല്ലാം ബാഗിൽ ഭദ്രമാണ്.പ്രതിയിലേക്ക് അന്വേഷണമെത്തിക്കാൻ പൊലീസിന് ആദ്യം കഴിഞ്ഞില്ല. ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള ഇരുനൂറോളം ക്യാമറകളിൽ പരിശോധനകളിൽ നടത്തി ഒടുവിൽ വെള്ളറട വരെ എത്തിയെങ്കിലും ജിബിൻ ജോണിയാണ് പ്രതിയെന്ന് തിരിച്ചറിയാൻ വൈകി.

കഴിഞ്ഞ വർഷം ജിബിൻ ജോണി കവർച്ചാ കേസിൽ പിടിയിലായി. ജയിൽ മോചിതമായ ശേഷം മോഷണവും കവർച്ചയും അവസാനിപ്പിച്ചെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിച്ചു. എറണാകുളത്ത് ജോലി ശരിയായെന്നും ഇന്റർവ്യൂവിന് പോവുകയാണെന്നും പറഞ്ഞാണ് പിതാവിന്റെ സുഹൃത്തിന്റെ ബൈക്ക് തരപ്പെടുത്തിയത്.

പുലർച്ചെ ബൈക്കുമായി തിരുവനന്തപുരത്തേക്ക്. യാത്രയ്ക്കിടെ വേഷം മാറി. കരിക്കത്തിന് സമീപം എത്തിയപ്പോൾ വീട്ടമ്മ നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവരുടെ മാലയും കവർന്ന് പാഞ്ഞു. അധിക ദൂരം എത്തും മുൻപ് വേഷം മാറി. വാഹന നമ്പർ ചുരണ്ടി മറ്റൊരു നമ്പറാക്കി.നിരീക്ഷണ ക്യാമറകൾ പരിശോധിച്ച പൊലീസ് കുഴങ്ങി. അന്വേഷണം പല വഴിക്ക് നീങ്ങി. നിരീക്ഷണ ക്യാമറകളിലൂടെ പരിശോധനകൾ ഫലം കാണാൻ വൈകി. ഇതിനിടെ തിരുവനന്തപുരത്ത് നിന്നും പ്ലാപ്പള്ളിയിലെത്തി രണ്ടാമതും മാല കവർന്നു.

മോഷ്ടിച്ച സ്വർണം പണയം വച്ച് ലഭിച്ച പണവുമായി വിമാനത്തിൽ മുംബൈയിലേക്കും ഡൽഹിയിലേക്കും ഉല്ലാസയാത്രയ്ക്ക് പോയി. ഒരാഴ്ച മുൻപാണ് തിരികെ എത്തിയത്. മോഷ്ടാവിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കുന്നതിനെയാണ് നാട് വിട്ടത്. വേഷം മാറിയുള്ള കവർച്ച ശ്രദ്ധയിൽപ്പെട്ടതോടെ ഇത്തരം സംഘങ്ങളിലേക്ക് പൊലീസ് അന്വേഷണം വഴി മാറി. തിരുവനന്തപുരം ജില്ലയിലെ നാല് പേരെ കേന്ദ്രീകരിച്ചായി അന്വേഷണം.

കൃത്യമായ തെളിവുകൾ ലഭിച്ചതോടെ ജിബിൻ ജോണി വലയിലായി. 52 ദിവസത്തിനിടെ 10 മോഷണങ്ങളാണ് കൊല്ലത്തും തിരുവനന്തപുരത്തും നടത്തിയത്. 14 പവൻ സ്വർണം കവർന്നു. 90 ഗ്രാം സ്വർണം തിരുവനന്തപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മൂന്ന് ലക്ഷം രൂപയ്ക്ക് പണയം വച്ചു. ബാക്കി വിറ്റു. തിരുവനന്തപുര‌ത്തെ സ്ഥാപനത്തിൽ നിന്നു സ്വർണം പൊലീസ് ഇന്നലെ കണ്ടെടുത്തു.