200, 500, 2000 നോട്ടു പേപ്പറുകൾ വേസ്റ്റ് ബിന്നിൽ; കള്ളനോട്ടു സംഘത്തെ കുടുക്കിയതിങ്ങനെ

ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടിച്ചിരുന്ന സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്നയാൾ പൊലീസ് പിടിയിൽ. തിരുവല്ലയിലെ ഹോം സ്‌റ്റേയിൽ താമസിച്ച്‌ നോട്ട് നിർമിച്ച കാസർകോട് സ്വദേശികൾ ഉൾപ്പെടുന്ന സംഘത്തിലെ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ സ്വദേശി സജിയാണ് (38) കോട്ടയത്ത് പിടിയിലായത് .പൊലീസ് ഇന്റലിജൻസ് നടത്തിയ നീക്കമാണ് ഇയാളെ കുടുക്കിയത്. പത്തനംതിട്ട എസ്‌എസ്ബി ഡിവൈഎസ്പി കെ. വിദ്യാധരൻ നൽകിയ റിപ്പോർട്ട് പ്രകാരമാണ് തിരുവല്ല പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

കാസർകോട്ട് നിന്നുള്ള കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 12 അംഗ സംഘം കുറ്റപ്പുഴയിലെ ഹോം സ്‌റ്റേയിൽ ഇടവിട്ട് സന്ദർശനത്തിന് എത്തുമായിരുന്നു. പതിവായി വന്നുപോകുന്നവരായതിനാൽ ഉടമയ്ക്ക് സംശയം തോന്നിയതുമില്ല. അവസാനമായി ഇവർ വന്നു പോയതിന് ശേഷം മുറി വൃത്തിയാക്കുമ്പോഴാണ് 200, 500, 2000 അടക്കമുള്ള നോട്ടുകളുടെ പേപ്പറുകൾ വേസ്റ്റ് ബിന്നിൽ നിന്നു ഹോം സ്റ്റേ ഉടമയ്ക്ക് ലഭിച്ചത്. ഇതേ തുടർന്ന് ഹോം സ്റ്റേ ഉടമ ഇന്റലിജൻസിലെ ഒരു ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് സജി പിടിയിലായത്. പിടിയിലായ സജിയെ കോവിഡ് പരിശോധനയ്ക്ക് ശേഷം തിരുവല്ലയിൽ എത്തിക്കുമെന്ന് ഡിവൈഎസ്പി ടി.രാജപ്പൻ പറഞ്ഞു.