പ്രണയ വിവാഹിതര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കു മറികടന്നു; യുവാവിനെ തല്ലിക്കൊന്നു

തമിഴ്നാട് തിരുനല്‍വേലിയില്‍ പ്രണയ വിവാഹിതര്‍ക്കേര്‍പെടുത്തിയ പഞ്ചായത്തിന്റെ വിലക്കു മറികടന്നെന്നാരോപിച്ചു യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. തിരുനല്‍വേലിയിലെ ഗൗതംപൂരിയെന്ന ഗ്രാമത്തിലാണു 45കാരനെ ഒരുസംഘം കൊലപെടുത്തിയത്. പ്രണയിച്ചു വിവാഹിതരാവുന്ന ഗ്രാമവാസികള്‍ പഞ്ചായത്തില്‍ 1500 പിഴ അടയ്ക്കണെന്ന  കീഴ് വഴക്കം ലംഘിച്ചതിനാണു കൊലപാതകം. മൂന്നു ദിവസം മുമ്പു നടന്ന ദാരുണ സംഭവം ഇന്നലെയാണു പുറംലോകം അറിഞ്ഞത്

മതിയഴകന്‍ തിരുനല്‍വേലിയിലെ ഗൗതംപൂരി ഗ്രാമപഞ്ചായത്തു പ്രസിഡന്റായിരുന്നു നേരത്തെ. അക്കാലത്താണു പ്രണയിച്ചു വിവാഹം കഴിക്കുന്നവര്‍ക്കു ഗ്രാമം വിലക്കേര്‍പെടുത്തിയത്. വിവാഹിതരാകുന്നവര്‍ 1500 രൂപ പിഴ അടക്കണം. പഞ്ചായത്തിന്റെ കാട്ടുനിയമം. പത്തുവര്‍ഷം എല്ലാവരും അംഗീകരിച്ചുപോന്നു. എന്നാല്‍ കഴിഞ്ഞ മാസം ഒരു നവദമ്പതികള്‍ ഈ പതിവുതെറ്റി. മതിയഴകന്റെ ബന്ധു രവിയെന്നയാളുടെ മകന്‍ പ്രണയിച്ചു വിവാഹം കഴിച്ചു. കുടുംബത്തിനു പഞ്ചായത്തു പിഴയിട്ടു. എന്നാല്‍ പിഴയൊടുക്കാന്‍ രവി തയാറായില്ല. 

പിന്നീട് പിഴ ഒരുലക്ഷമാക്കി വര്‍ധിപ്പിച്ചെങ്കിലും രവി ചെവികൊണ്ടില്ല. ചൊവ്വാഴ്ച വൈകീട്ട് ഗ്രാമീണര്‍ ഒന്നടങ്കം രവിയുടെ വീട്ടിലെത്തി പിഴയൊടുക്കാന്‍ ആവശ്യപെട്ടു. തര്‍ക്കമായി, ഒടുവില്‍ ഗ്രാമീണര്‍ രവിയെയും കുടുംബത്തെയും ആക്രമിച്ചു. സാരമായി പരുക്കേറ്റ മതിയഴകനെ തിരുനല്‍വേലി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍ പരാതി നല്‍കിയിട്ടും കുടുംബത്തിനു സംരക്ഷണം നല്‍കാന്‍ പൊലീസ് തയാറായില്ലെന്നു രവി ആരോപിച്ചു. ഗ്രാമത്തിലെ ഈ സമ്പ്രദായം നിര്‍ത്തലാക്കാന്‍ പലതവണ ശ്രമിച്ചിട്ടും ഗ്രാമീണര്‍ സഹകരിച്ചില്ലെന്ന് അമ്പാസമുദ്രം ഡി.എസ്.പി സുഹാസിനി പറഞ്ഞു. പത്തുവര്‍ഷം മുമ്പ്  മതിയഴകന്‍ പ്രസിഡന്റായിരുന്നപ്പോഴാണു ഈ നിയമം നടപ്പിലാക്കിയതെന്നും കേസ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങിയെന്നും  ഡി.എസ്.പി അറിയിച്ചു.