നെതര്‍ലാന്റില്‍ നിന്ന് എയര്‍തപാലില്‍ എം.ഡി.എം.എ ഗുളിക; ഒരു മാസത്തിനിടെ മൂന്നാം തവണ

ചെന്നൈ വിമാനത്താവളം വഴി വീണ്ടും  ലഹരിഗുളികകളുടെ കടത്ത്. നെതര്‍ലാന്റില്‍ നിന്ന് ചെന്നൈ വിലാസത്തില്‍ അയച്ച പതിനാറു ലക്ഷം രൂപയുടെ 650 എം.ഡി.എം.എ ഗുളികകളാണു പിടികൂടിയത്. ഒരമാസത്തിനിടെ മൂന്നാമത്തെ തവണയാണ് എയര്‍തപാല്‍ വഴിയുള്ള ലഹരി കടത്ത് പിടികൂടുന്നത്

കാഴ്ചയില്‍ നല്ല സുന്ദരന്‍ ഗുളിക. പലനിറങ്ങളിലുള്ള ഗുളിക കണ്ടാല്‍ പെട്ടൊന്ന് ലഹരിമരുന്നാണെന്നു തിരിച്ചറിയാന്‍ കഴിയില്ല. പ്രത്യേക മണമോ രുചിയോ ഇല്ലാത്തിതതിനാല്‍ ലഹരി തേടുന്ന മെട്രോ യൂത്തിന്റെ പുതിയ ആവേശമാണ് എം.ഡി.എം.എ എന്ന പേരിലറിയപെടുന്ന കടുത്ത പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന ഈലഹരിമരുന്ന്. ഇവ ഓണ്‍ലൈന്‍ വഴി നെതര്‍ലാന്റില്‍ നിന്നും ബ്രിട്ടനില്‍ നിന്നും വാങ്ങി എയര്‍ തപാല്‍ വഴി ഇന്ത്യയിലെത്തിക്കുന്ന വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്  കസ്റ്റംസ് പറയുന്നത്. 

ഇന്ന് നെതര്‍ലാന്‍റില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ വന്ന കൊറിയറില്‍ കസ്റ്റംസിനു സംശയം തോന്നി. പൊട്ടിച്ചു പരിശോധിച്ചപ്പോഴാണു പച്ചയും മഞ്ഞയും നിറത്തിലുള്ള ഗുളികള്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍   ഉപഭോക്താക്കള്‍ക്കിടയില്‍ ലംബോര്‍ഗിനിയെന്നും പോര്‍ഷെന്നും പേരുള്ള ലഹരി ഗുളികളാണെന്ന് വ്യക്തമായി. ചെന്നൈ സ്വദേശികളുടെ പേരിലാണ് ഇവ അയച്ചിരുന്നത്.ഇവര്‍ക്കായി കസ്റ്റംസും നാര്‍ക്കോട്ടിക് സെല്ലും തിരച്ചില്‍ തുടങ്ങി. 

പിടിച്ചെടുത്ത  ഗുളികള്‍ക്ക് പതിനാറു ലക്ഷം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ മാസം 18 ന് ആന്ധ്രപ്രദേശിലെ  ബീമാവരം സ്വദേശിയായ യുവാവ് സ്വന്തം പേരില്‍ വരുത്തിയ 12 ലക്ഷം  രൂപയുടെ എം.ഡി.എംഎ ഗുളികകള്‍ വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു.കേസില്‍ യുവാവ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.