സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടി; ആറു പേർ അറസ്റ്റിൽ

ഇടുക്കി ഉടുമ്പൻചോലയ്ക്കു സമീപം സ്വകാര്യ റിസോർട്ടിൽ നിശാ പാർട്ടി സംഘടിപ്പിച്ച  6 പേരെ പൊലീസ് അറസ്റ്റു ചെയ്തു. മുഖ്യ സംഘാടകനായ ക്വാറിയുടമയുള്‍പ്പടെ 47 പേര്‍ക്കെതിരെ മുന്‍പ് കേസെടുത്തിരുന്നു. നിശാ പാർട്ടിയിൽ അനുമതിയില്ലാതെ മദ്യം എത്തിച്ചതിനെപ്പറ്റിയും ഇന്റലിജൻസ് പരിശോധിക്കുന്നുണ്ട്. 

ഉടുമ്പൻചോല ചതുരംഗപ്പാറയിൽ ആരംഭിക്കുന്ന  മെറ്റൽസ് ആൻഡ് ഗ്രാനൈറ്റ്സിന്റെയും തമിഴ്നാട്ടിലെ കമ്പത്ത് ആരംഭിക്കുന്ന ക്വാറിയുടെയും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കഴിഞ്ഞ 28ന് ആണ് നിശാ പാർട്ടി സംഘടിപ്പിച്ചത്. പാർട്ടി നടന്ന ദിവസം റിസോർട്ടിൽ പരിശോധന നടത്താൻ പൊലീസ് എത്തിയിരുന്നെങ്കിലും ഉന്നത ഇടപെടലിനെ തുടർന്ന് പരിശോധന നടത്താൻ കഴിയാതെ മടങ്ങി. സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് പാർട്ടിക്കായുള്ള സംവിധാനങ്ങൾ സ്വകാര്യ റിസോർട്ടിൽ ഒരുക്കിയത്. 

ക്രഷറിന്റെ മാനേജർ കോതമംഗലം തവരക്കാട്ട് ബേസിൽ ജോസ്, രാജാപ്പാറ   റിസോർട്ട് മാനേജർ കള്ളിയാനിയിൽ സോജി.കെ ഫ്രാൻസിസ് , പാർട്ടിയിൽ പങ്കെടുത്ത നാട്ടുകാരായ  തോപ്പിൽ വീട്ടിൽ മനു കൃഷ്ണ ,  കരയിൽ ബാബു മാധവൻ,  കുട്ടപ്പായി,  വെള്ളമ്മാൾ ഇല്ലം വീട്ടിൽ കണ്ണൻ , എന്നിവരെയാണ് അറസ്റ്റിലായത്. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ പാർട്ടിയെ കുറിച്ച് സംസ്ഥാന ഇന്റലിജൻസ് വിഭാഗവും ആഭ്യന്തര വകുപ്പിനു അന്വേഷണ റിപ്പോർട്ട്  കൈമാറിയിട്ടുണ്ട്. നിശാ പാർട്ടിയിൽ പങ്കെടുത്തവരുടെ എണ്ണം, രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം തുടങ്ങിയ വിവരങ്ങളാണു കൈമാറിയത്. 

സംഭവത്തിൽ എക്‌സൈസും അന്വേഷണം തുടങ്ങി. ആരോഗ്യ വകുപ്പും വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കോവിഡ് കാലത്ത് മുംബൈയിൽ നിന്ന് യുക്രെയ്ൻ നർത്തകിമാരെത്തിയതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നത്. 

നിശാ പാർട്ടി നടത്തിയ വ്യവസായി ഉടുമ്പൻചോല പഞ്ചായത്തിന് ഒരു കോടി രൂപ കാരുണ്യപ്രവർത്തനങ്ങൾക്കായി നൽകിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഉടുമ്പൻചോല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് അപേക്ഷ നൽകിയിട്ടില്ല. ഇതിനു വ്യത്യസ്ത വകുപ്പുകളുടെ എൻഒസി അടക്കം വേണ്ടതാണ്. തുക സ്വീകരിക്കാൻ പഞ്ചായത്തിനു കഴിയുകയുമില്ലെന്ന് പഞ്ചായത്ത് അറിയിച്ചു.