ഡോക്ടറുടെ കുറിപ്പില്ലാതെ ആയുര്‍വേദ മരുന്ന് നൽകരുത്; മുന്നറിയിപ്പുമായി എക്സൈസ്

ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ആയുര്‍വേദ മരുന്ന് വില്‍പന പാടില്ലെന്ന മുന്നറിയിപ്പുമായി എക്സൈസ്. മദ്യത്തിന് പകരമായി വീര്യം കൂടിയ അരിഷ്ടങ്ങള്‍ കലര്‍ത്തി ചില മരുന്നുകട ഉടമകള്‍ വില്‍പന നടത്തുന്നതായ പരാതിയിലാണ് ഇടപെടല്‍. അംഗീകൃത ലൈസന്‍സുള്ള ആയുര്‍വേദ മരുന്ന് കടകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.

കൂടിയ അളവില്‍ മദ്യം അടങ്ങിയിട്ടുള്ള ആയുര്‍വേദ മരുന്നുകള്‍ ഒരുമിച്ച് ചേര്‍ത്താണ് ചിലര്‍ അരിഷ്ട വില്‍പന നടത്തുന്നത്. കഷായമെന്ന പേരില്‍ ഡോക്ടറുടെ കുറിപ്പില്ലാതെ തന്നെ മരുന്ന് വിതരണം ചെയ്യുന്നതായും എക്സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടു. മദ്യലഭ്യത കുറഞ്ഞതിന് പിന്നാലെയുള്ള അരിഷ്ട വില്‍പന നിയമവിരുദ്ധമാണ്. അളവിലെ വ്യത്യാസം കൂടുതല്‍ അപകടങ്ങള്‍ക്കിടയാക്കും. ചില മരുന്നു കടക്കാര്‍ സമാന രീതിയില്‍ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. വീണ്ടും കൃത്യമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമലംഘനം തുടര്‍ന്നാല്‍ കേസെടുക്കും.  

കോഴിക്കോട് നഗരത്തില്‍ മൂന്നിടങ്ങളില്‍ വ്യത്യസ്ത ചേരുവകള്‍ ചേര്‍ത്ത് അരിഷ്ട വില്‍പന നടത്തുന്നതായി കണ്ടെത്തിയിരുന്നു. ചിലയിടങ്ങളില്‍ കടയിലിരുന്ന് തന്നെ കുടിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് നിയന്ത്രണത്തില്‍ മദ്യവില്‍പന നിലച്ചതോെടയാണ് മരുന്ന് ഒഴിച്ച് നല്‍കുന്ന ചില കടകളില്‍ തിരക്ക് കൂടിയത്. ഒൗഷധ വിപണന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യവിഭാഗവും അറിയിച്ചു.