അർഹമായ പരിഗണന നൽകണം; കേന്ദ്രബജറ്റില്‍ പ്രതീക്ഷയുമായി ആയുര്‍വേദമേഖല

കേന്ദ്രബജറ്റില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആയുര്‍വേദ ഔഷധനിര്‍മാതാക്കള്‍. തുടക്കക്കാരായ ഡോക്ടര്‍മാര്‍ക്കും ഔഷധഗവേഷണത്തിനും ധനസഹായം വേണമെന്നാണ് മുഖ്യ ആവശ്യം. ഇന്ത്യയുടെ ആയുര്‍വേദ പാരമ്പര്യത്തെ ആഗോളവിപണിയില്‍ ഫലപ്രദമായി മാര്‍ക്കറ്റ് ചെയ്യാന്‍ പദ്ധതിയും വേണം.

കോവിഡ് കാലത്ത് അര്‍ഹമായ പരിഗണന ആയുര്‍വേദമേഖലയ്ക്ക് കിട്ടിയില്ലെന്ന് പരാതിയുണ്ട്. പരീക്ഷിച്ച് വിജയം കണ്ടെത്തിയ മരുന്നുകള്‍ക്ക് പോലും അനുമതി നല്‍കാത്ത സ്ഥിതിയുണ്ടായെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ കേന്ദ്ര ബജറ്റില്‍ ആയുര്‍വേദത്തിന്‍റെ വളര്‍ച്ചയ്ക്കുതകുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. പഠനം പൂര്‍ത്തിയാക്കി പ്രാക്ടീസ് തുടങ്ങാനിറങ്ങുന്ന ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് മൂലധനത്തിന്‍റെ അപര്യാപ്തത തടസമാണ്. ഇങ്ങനെയുള്ളവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണം. ഔഷധനിര്‍മാണം, ഗവേഷണം എന്നിവയ്ക്കും ഫണ്ടിന്‍റെ അപര്യാപ്തതയുണ്ട്.

ആഗോളതലത്തില്‍ ആയുര്‍വേദത്തിന്‍റെ സ്വീകാര്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ആയുര്‍വേദ ഉല്‍പന്നങ്ങള്‍ ആഗോളതലത്തില്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള നടപടിയും വേണം. ഔഷധ സസ്യങ്ങളുടെ കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ സബ്സിഡി അടക്കം കൂടുതല്‍ സഹായങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കണമെന്നും ആയുര്‍വേദമേഖല ആവശ്യപ്പെടുന്നു.