ഐസലേഷൻ വാർഡിൽ ഡോക്ടർ പീഡിപ്പിച്ചു; ബീഹാറിൽ യുവതി മരിച്ചു

ബിഹാറിൽ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ഐസലേഷൻ വാർഡിൽ ലൈംഗിക അതിക്രമത്തിന് ഇരയായ യുവതി മരിച്ചു. യുവതിയുടെ ഭർതൃമാതാവാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി ഐസലേഷൻ വാർഡിൽ ഡോക്ടറുടെ പീഡനത്തിന് ഇരയായ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. പഞ്ചാബിലെ ലുധിയാനയിൽനിന്ന് കഴിഞ്ഞ മാസം 25നാണ് അതിഥി തൊഴിലാളികളായ യുവതിയും ഭർത്താവും ബിഹാറിലെ ഗയാ ജില്ലയിൽ എത്തിയത്. രണ്ടു മാസം ഗർഭിണിയായിരുന്ന യുവതി ലുധിയാനയിൽ വച്ചു ഗർഭച്ഛിദ്രത്തിന് വിധേയയായിരുന്നു.

ഗയയിലെത്തിയപ്പോൾ അമിത രക്തസ്രാവമുണ്ടായതിനെ തുടർന്നു 27നു യുവതിയെ അനുഗ്ര നരേൻ മഗധ് മെഡിക്കൽ കോളജ് ആശുപത്രിയിൽ (എഎൻഎംഎംസിഎച്ച്) പ്രവേശിപ്പിച്ചു. ഏപ്രിൽ 1നു യുവതിക്കു കോവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഐസലേഷൻ വാർഡിലേക്കു മാറ്റി. പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്നു 4ന് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു. എന്നാൽ വീട്ടിൽ എത്തിയ ശേഷവും യുവതി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവരുന്നത്.

ഐസലേഷൻ വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ യുവതിയെ തുടർച്ചയായ രണ്ടു രാത്രികളിൽ ലൈംഗിക അതിക്രമത്തിന്  ഇരയാക്കുകയായിരുന്നെന്നു ബന്ധുക്കൾ ആരോപിച്ചു. ഏപ്രിൽ 6നു വീണ്ടും അമിത രക്തസ്രാവം ഉണ്ടായ യുവതി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഭർതൃമാതാവ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടറെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്ന് ഗയാ പൊലീസ് അറിയിച്ചു.

പ്രഥമ ദൃഷ്ട്യാ സംഭവം ഗുരുതരമാണെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റാവാളിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ. പ്രസാദ് അറിയിച്ചു. അതേസമയം ഡോക്ടർമാരുടെ കിറ്റുകൾ ഉപയോഗിച്ച് ഐസലേഷൻ വാർഡിൽ പ്രവേശിച്ച രണ്ടുപേരെ ഗയാ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ആളുകളിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. അന്വേഷണം തുടരുകയാണ്.