ലോക്ഡൗണിന്റെ മറവില്‍ വ്യാജ വാറ്റ്; ഇനി ഡ്രോണ്‍ പരിശോധനയും

ലോക്ഡൗണിന്റെ മറവില്‍ കണ്ണൂര്‍ പയ്യന്നൂർ, ചിറ്റടിയിൽ പ്രവര്‍ത്തിച്ചിരുന്ന വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് സംഘം തകർത്തു. സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ ഒടി രക്ഷപ്പെട്ടു. വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനുള്ള ഒരുക്കത്തിലാണ് ജില്ലയില്‍ എക്സൈസ്.

രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസിന്റെ പരിശോധന. വ്യാജ വാറ്റ് കേന്ദ്രം തകർത്ത് 4 ലിറ്റർ ചാരായവും 90 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. നടത്തിപ്പുകാരനായ കുന്നരുവിലെ രമേശനെ അറസ്റ്റ് ചെയ്തു. സഹായിയായിരുന്ന ചിറ്റടി സ്വദേശി ടി.വി. രഞ്ജിത്ത് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

പയ്യന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിവ്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ലോക്ഡൗണിനെത്തുടര്‍ന്ന് ജില്ലയില്‍ വാറ്റ് കേന്ദ്രങ്ങള്‍ സജീവമാകുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ ശക്തമാക്കാനാണ് തീരുമാനം. കൂടുതല്‍ അളവില്‍ ശര്‍ക്കരെ വാങ്ങുന്നവരെ പ്രത്യേകമായി നിരീക്ഷിക്കും.

ആകാശനിരീക്ഷണത്തിനൊപ്പം മലയോര മേഖലകളിലടക്കം പ്രത്യേക പരിശോധനകള്‍ നടത്താനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.