ലോക്ഡൗൺ ലംഘനം തടഞ്ഞ പൊലീസിനെ ആക്രമിച്ചു; ദമ്പതികൾ അറസ്റ്റിൽ

മട്ടാഞ്ചേരി: ലോക്ഡൗൺ നിർദേശം ലംഘിച്ച് കുടുംബമായി പുറത്തിറങ്ങിയതിനെ ചോദ്യം ചെയ്ത പൊലീസുകാരെ കയ്യേറ്റം ചെയ്ത ദമ്പതികൾ അറസ്റ്റിൽ. കപ്പലണ്ടിമുക്ക് ‍ഡിഎസ് റോഡ് 7–717ൽ  ഷെബിൻ ഇബ്രാഹിം (27), ഭാര്യ ഫർസാന (24) എന്നിവരാണ് അറസ്റ്റിലായത്. ഉച്ചയ്ക്ക് 12 മണിയോടെ കപ്പലണ്ടിമുക്കിലായിരുന്നു സംഭവം.

സത്യവാങ്മൂലം കൈവശമില്ലാതെ കുട്ടിയുമായി ബൈക്കിൽ കറങ്ങുന്നതിനെ ചോദ്യം ചെയ്ത പൊലീസുകാരോടും എസ്ഐ ഇ.കെ.സുരയോടും ദമ്പതികൾ കയർക്കുന്നതുകണ്ട് പട്രോളിങ് ഡ്യൂട്ടിക്കെത്തിയ എസ്ഐമാരായ പി. രാമചന്ദ്രനും ജി. അജയകുമാറും കാര്യം തിരക്കി. പച്ചക്കറി വാങ്ങാൻ എത്തിയതാണെന്നായിരുന്നു മറുപടി. പച്ചക്കറി വാങ്ങാനാണെങ്കിൽ കുടുംബസമേതം വരേണ്ട കാര്യമില്ലല്ലോ എന്ന് പൊലീസുകാർ ചോദിച്ചു.

അനാവശ്യമായി റോഡിലിറങ്ങിയതാണെന്നു മനസ്സിലായതിനെത്തുടർന്ന് ബൈക്ക് പൊലീസ് സ്റ്റേഷനിലേക്ക് എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവാവ് അതിനു തയാറായില്ല. ബൈക്കിന്റെ താക്കോൽ യുവാവ് ഊരിയെടുത്തതോടെ പെട്ടി ഓട്ടോയിൽ വാഹനം കയറ്റാൻ പൊലീസ് ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച യുവാവ് എസ്ഐ അജയകുമാറിനെ ചവിട്ടി താഴെയിടുകയും ഫർസാന എസ്ഐ രാമചന്ദ്രനെ തള്ളി താഴെയിടുകയും ചെയ്തു.

പൊലീസ് സ്റ്റേഷനിലേക്കു വാഹനവുമായി ചെല്ലാൻ ഇവർ തയാറാകാതിരുന്നതിനെത്തുടർന്ന് സിഐ പി.കെ.സാബു എത്തി ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദമ്പതികൾ മാസ്ക് ധരിച്ചിരുന്നില്ല. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമാണ് ഇവർക്കെതിരെ കേസ് എടുത്തത്.