കപ്പ വിളയിച്ച് നാടിന്‍റെ വിശപ്പകറ്റി നന്മ; കൂട്ടായി നാടും നാട്ടുകാരും; കരുതൽ

ലോക്ക് ഡൗൺ കാലത്ത് ഒരാൾ പോലും തൻറെ നാട്ടിൽ വിശന്നിരിക്കരുതെന്ന് നിർബന്ധമുണ്ട് ഈ മെമ്പർക്ക്. ലോക്ക് ഡൗണിൽ ദുരിതത്തിലായ കുറെ മനുഷ്യർക്ക് വീടുകളിൽ ഭക്ഷണങ്ങളെത്തിച്ചാണ് നാടിന് മുഴുവൻ മാതൃകയാകുന്നത്. കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് അനിഷ് ഗ്രാമറ്റം. 

ലോക്ക് ഡൗൺ കാലം വിശ്രമവേളകളായി എടുത്തവരാണ് പലരും, രാഷ്ട്രീയക്കാരടക്കം. എന്നാൽ നാടിന് വേണ്ടി നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഒരു നിമിഷം പോലും വിശ്രമമില്ലാതെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഇദ്ദേഹം. കൂട്ടായി നാട്ടിലെ മുഴുവൻ ചെറുപ്പക്കാരും സന്നദ്ധപ്രവർത്തകരും ഉണ്ട്. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സെബാസ്റ്റ്യൻ ജോസഫ്, ഷിബു ടി ഫിലിപ്പോസ് തുടങ്ങിയവർ ഒന്നിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. 

കോട്ടയം വെള്ളൂരിൽ ദിവസക്കൂലിക്ക് പണിയെടുത്ത് ജീവിക്കുന്ന ആളുകൾ നിരവധിയാണ്. അപ്രതീക്ഷിതമായി വന്ന ലോക് ഡൗൺ അവരുടെ ജീവിതം താറുമാറാക്കി. പട്ടിണിയിലായ ഇവർക്ക് കൈത്താങ്ങായാണ് മെമ്പർമാർ അടങ്ങിയ നാട്ടുകാർ സഹായവുമായി എത്തിയത്. സ്വന്തം വീടകളിൽ കൃഷി ചെയ്ത് വിളയിച്ചെടുത്ത കപ്പ, ചക്ക തുടങ്ങിയവയാണ് ആവിശ്യക്കാരിലേക്കെത്തിക്കുന്നത്. അതും സ്വന്തം ചെലവിൽ. നാട്ടുകാർ ദിവസങ്ങളോളം കഷ്ടപ്പെട്ട് വിളയിച്ചെടുത്ത കപ്പയും ചക്കയും മറ്റ് ഭക്ഷ്യവസ്തുക്കൾ സൗജന്യമായി നൽകാമെന്ന് മെമ്പറിനെ വിളിച്ചറിയിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങൾ വഴി അറിഞ്ഞവർ എല്ലാവരും സ്വന്തം കൃഷിയിടത്തിൽ വിളയിച്ചെടുത്തവ സൗജന്യമായി നൽകി നാടിന് തന്നെ മാതൃകയായി. കപ്പ, ചക്ക മുതലായവ തന്നെ തിരഞ്ഞടുക്കാൻ ചില കാരണങ്ങളും മെമ്പർ പറയുന്നുണ്ട്. 'പണ്ട് കാലങ്ങളിൽ കഞ്ഞിയും കപ്പയും ചക്കയും കഴിച്ചാണ് ആളുകൾ ജീവിച്ചിരുന്നത്. ഇന്നും ഏറ്റവും ഔഷധഗുണമുള്ളതും ഭയമില്ലാതെ കഴിക്കാൻ പറ്റിയതും ആയ ഭക്ഷണങ്ങൾ ഇതൊക്ക തന്നെയാണ്'. മുൻകരുതലുകൾ ഒക്കെയും സ്വീകരിച്ചു തന്നെയാണ് മെമ്പർമർ നാടിന് കരുതലുമായി ഇറങ്ങിയത്. 

 200 കുടുംബങ്ങളിലേക്കാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് കപ്പ എത്തിച്ചത്. ഭക്ഷണങ്ങൾ തന്ന് തങ്ങളെ സഹായിക്കുന്നവർ ഉള്ളത് കൊണ്ടാണ് തനിക്ക് ഇത് ചെയ്യാൻ പറ്റുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത് അഞ്ചാം ദിനമാണ് മുടങ്ങാതെ ഭക്ഷണമെത്തിക്കുന്നത്.  വീടുകളിൽ പോയി ആവശ്യമുള്ളവ പറിച്ച് അവ അവശ്യക്കാർക്ക് എത്തിക്കാൻ ഷാജി എന്ന ഡ്രൈവർ തൻറെ വണ്ടിയുമായി ഇവർക്കൊപ്പം തന്നെയുണ്ട്. ഇങ്ങനെ ഒരു കൂട്ടർ അധ്വാനിച്ച് മറ്റൊരു കൂട്ടരുടെ വിശപ്പടക്കുന്ന കാഴ്ചയാണ് ഒരു ഗ്രാമം നമ്മെ കാണിച്ചുതരുന്നത്.

'കൊണ്ടുപോകുന്നവ എന്തായാലും ഇരുകൈയും നീട്ടി വാങ്ങിക്കുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത് കാണുമ്പോളുണ്ടാക്കുന്ന ആത്മസംതൃപ്തി വലുതാണ്'. ലോക് ഡൗൺ കാലം എന്ന് തീരുന്നോ അത് വരെ സേവനം മുടങ്ങാതെ ഉണ്ടാകുമെന്ന് മെമ്പർ പറയുന്നു. സമൂഹമാധ്യമങ്ങൾ വഴി അറിഞ്ഞ് നാട്ടുകാർ ചെയ്യുന്ന സഹായമാണ് ഏറ്റവും വലിയ അനുഗ്രഹം. അത് ഇനിയും മുടങ്ങാതെ തങ്ങൾക്കുണ്ടാകുമെന്നാണ് വിശ്വാസമെന്നും മെമ്പർമാരടങ്ങുന്ന നാട് പറയുന്നു.