കോഴിക്കോട്ടെ അജ്ഞാതരുടെ സാന്നിധ്യം; സിറ്റി പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട് നഗരത്തിന്റെ വിവിധയിടങ്ങളില്‍ രാത്രിയില്‍ അജ്ഞാതരുടെ സാന്നിധ്യമെന്ന പരാതിയില്‍ വിപുലമായ അന്വേഷണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍. സാന്നിധ്യമുണ്ടെന്ന് പറയുന്നതല്ലാതെ ആരും അഞ്ജാതനെ വ്യക്തമായി കണ്ടിട്ടില്ല. ബോധപൂര്‍വമുള്ള പ്രചരണമാണോ എന്നും പരിശോധിക്കും. 

പയ്യാനക്കല്‍, ഒളവണ്ണ ബസാര്‍, ഗോവിന്ദാപുരം തുടങ്ങി നഗരത്തിന്റെ വിവിധയിടങ്ങളില്‍ രാത്രിയില്‍ അഞ്ജാതരുടെ സാന്നിധ്യമുണ്ടെന്നാണ് പരാതി. ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും വാതിലില്‍ അടിച്ച ശേഷം അഞ്ജാതന്‍ ഓടിമറയുകയും ചെയ്യുന്നുവെന്നായിരുന്നു ആക്ഷേപം. പലരും കണ്ടതായിപ്പറഞ്ഞെങ്കിലും പൊലീസ് അന്വേഷണത്തില്‍ ഇതിന് കാര്യമായി തെളിവ് ലഭിച്ചിട്ടില്ല. കോവിഡ് പ്രതിരോധത്തിനിടെ ബോധപൂര്‍വമുള്ള വ്യാജ പ്രചരണമാണോ എന്നും പൊലീസ് പരിശോധിക്കും.

നാട്ടുകാരുടെ നേതൃത്വത്തില്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് രാത്രികാലങ്ങളില്‍ പരിശോധനയുണ്ട്. ഇതോടൊപ്പം പൊലീസ് പട്രോളിങും വിപുലമാക്കും. നഗരപരിധിയില്‍ ഇതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മിഷണര്‍ വ്യക്തമാക്കി.