അതിഥി തൊഴിലാളികള്‍ക്കു വേണ്ടി ട്രെയിനെന്ന് വ്യാജവാർത്ത; ഒരാൾ കൂടി അറസ്റ്റിൽ

അതിഥി തൊഴിലാളികള്‍ക്കു വേണ്ടി നിലമ്പൂരില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ മലപ്പുറം എടവണ്ണയില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇന്നലെ പിടിയിലായ യൂത്തുകോണ്‍ഗ്രസ് മുന്‍ ഭാരവാഹിയായ ഷാക്കിറിനേയും ഇന്ന് അറസ്റ്റിലായ ഷെരീഫിനേയും മഞ്ചേരി കോടതിയില്‍ ഹാജരാക്കി. 

പല സംസ്ഥാനങ്ങളില്‍ നിന്നുളള തൊഴിലാളികളോട് സ്വന്തം നാട്ടിലേക്ക്  മടങ്ങാന്‍ നിലമ്പൂരില്‍ നിന്ന് പ്രത്യേക ട്രെയിന്‍ പുറപ്പെടുന്നുവെന്ന വിവരമുണ്ടെന്നും ആവശ്യമുളളവര്‍ റയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെടണം എന്നുമായിരുന്നു സന്ദേശം. ആദ്യം അറസ്റ്റിലായ തൂവക്കാട് സ്വദേശി ഷാക്കിറിന് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ പേരിലാണ് മുണ്ടേങ്ങര സ്വദേശി തുവ്വക്കുന്നുവീട്ടില്‍ ഷെരീഫ് പിടിയിലായത്. യൂത്തുകോണ്‍ഗ്രസ് മുന്‍നിയോക മണ്ഡലം പ്രസിഡന്റാണ് ഷെരീഫ്. ഷാക്കിറും മുന്‍ഭാരവാഹിയാണ്.

ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടംകൂടി 144 ലംഘിക്കുന്ന സാഹചര്യമൊരുക്കാന്‍ ബോധപൂര്‍വം തെറ്റായ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്. എന്നാല്‍ അറസ്റ്റിലായവര്‍ ദുരുദ്ദേശത്തോടെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താനുളള സര്‍ക്കാരിന്റെ ബോധപൂര്‍വ്വമുളള നീക്കമാണന്നും യൂത്തു കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.