നിർഭയ; കോടതിയിൽ നടന്നത് യാക്കൂബ് മേമന്റെ വധശിക്ഷാദിനത്തിന് സമാനമായ സംഭവം

യാക്കൂബ് മേമന്‍റെ വധശിക്ഷ നടപ്പിലാക്കിയ ദിവസത്തിന് സമാനമായ നാടകീയ സംഭവങ്ങളാണ് നിര്‍ഭയ കേസിലും അരങ്ങേറിയത്. ശിക്ഷ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകര്‍ സുപ്രീംകോടതിയിലെത്തിയത് അര്‍ധരാത്രിക്ക് ശേഷം. പുലര്‍ച്ചെ 2.45ന് ഹര്‍ജി പരിഗണിച്ച് തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കാന്‍ വഴിയൊരുങ്ങിയത്. 

വധശിക്ഷ മാറ്റവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി വിചാണക്കോടതി ഇന്നലെ വൈകിട്ട് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് രാത്രിയോടെ പ്രതികള്‍ ഹൈക്കോടതിയിലെത്തി. ഹൈക്കോടതി ഹര്‍ജി തള്ളുമ്പോള്‍ സമയം രാത്രി 11.30. പന്ത്രണ്ട് മണിയോടെ അഭിഭാഷകനായ എ.പി സിങ് റെജിസ്ട്രാറുടെ വീട്ടിലെത്തി ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്തി. നിര്‍ഭയക്കേസ് പരിഗണിച്ച അതേ ബെഞ്ച് 2.30ക്ക് ഹര്‍ജിയില്‍ വാദംകേള്‍ക്കുമെന്ന് അറിയിപ്പ് എത്തിയത് രണ്ടുമണിക്ക്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുള്‍പ്പെടെ അഭിഭാഷകര്‍‍ കോടതിയില്‍ പാഞ്ഞെത്തി.  രണ്ടേമുക്കാലിന് വാദം തുടങ്ങി. പവന്‍ ഗുപ്തയുടെ രണ്ടാം ദയാഹര്‍ജി രാഷ്ട്രപതി തളളിയത് വേണ്ടത്ര ആലോചനയില്ലാതെ ആണെന്നായിരുന്നു പ്രധാനവാദം. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ജുഡീഷ്യല്‍  പരിശോധന പരിമിതമാണെന്ന് ജസ്്റ്റിസ് ഭാനുമതി നിരീക്ഷിച്ചു.  കുറ്റകൃത്യം നടക്കുമ്പോള്‍ പവന്‍ഗുപ്തയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നതടക്കം മുന്‍പുന്നയിച്ച വാദങ്ങള്‍ അഭിഭാഷകന്‍ എ.പി.സിങ് നിരത്തി.

എന്നാല്‍ ഇവ പലവട്ടം പരിശോധിച്ച് തളളിയതാണെന്ന് കോടതി. ജയിലില്‍ പവന്‍ ഗുപ്തയ്ക് പീഡനമേറ്റതുമായി ബന്ധപ്പെട്ട ഹര്‍ജി ജില്ലാകോടതിയുടെ പരിഗണനയിലാണെന്ന് അടുത്ത വാദം.  ശിക്ഷ മാറ്റിവയ്ക്കാന്‍ ഇതൊന്നും കാരണമല്ലെന്ന് കോടതി. ഒടുവില്‍ ശിക്ഷ നടപ്പാക്കുമെന്ന ഘട്ടത്തില്‍ പ്രതിക്ക് അവസാനമായി മകനെ കാണാന്‍ ഒരുവട്ടം കൂടി അനുവദിക്കണമെന്ന് ആവശ്യം. ജയില്‍ ചട്ടം ഇതിന് അനുവദിക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചതോടെ അതും തളളി . മൂന്ന് നാല്‍പതോടെ ഹര്‍ജി തളളി മൂന്നംഗ ബെഞ്ച് ഉത്തരവിറക്കി.