നാദാപുരം മേഖലയില്‍ പതിവായി ബോംബ് ശേഖരം; തടയാൻ പ്രത്യേക ടീം

കോഴിക്കോട് നാദാപുരം മേഖലയില്‍ പതിവായി ബോംബ് ശേഖരം കണ്ടെത്തുന്നത് തടയുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി. ഒറ്റപ്പെട്ട വീടുകളിലും ആളൊഴിഞ്ഞ പറമ്പിലും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധിക്കും. നാദാപുരത്ത് വന്‍ സ്ഫോടക വസ്തുശേഖരം കണ്ടെത്തിയതിന് പിന്നാലെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകുമെന്ന് റൂറല്‍ എസ്.പി ഡോ.എ.ശ്രീനിവാസ് മനോരമ ന്യൂസിനോട് പറഞ്ഞു. 

സാധാരണ പൊലീസ് പരിശോധനയില്‍ ബോംബ് ശേഖരം കണ്ടെത്തുക ശ്രമകരമാണ്. ഒഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടയിലോ സംരക്ഷണഭിത്തി നിരപ്പാക്കുന്ന സമയത്തോ ആയിരിക്കും ബോംബുണ്ടെന്നറിയുക. നിര്‍മിച്ചവര്‍ പൂര്‍ണമായും അപ്രത്യക്ഷരായിരിക്കും. ഈ പ്രതിസന്ധിയെല്ലാം മറികടന്ന് വേണം അന്വേഷണം ഏകോപിപ്പിക്കേണ്ടത്.

ബോംബ് കണ്ടെത്തുമ്പോള്‍ മാത്രം പരിശോധനയെന്നതിനപ്പുറം സംശയമുള്ള മുഴുവന്‍ ഇടങ്ങളിലും ശ്രദ്ധ വേണമെന്നാണ് ജില്ലാ പൊലീസ് മേധാവി നല്‍കിയിരിക്കുന്ന നിര്‍ദേശം. നാദാപുരം, കല്ലാച്ചി, വളയം മേഖലയില്‍ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ഇടവേളകളിലെ പരിശോധനയില്‍ പങ്കെടുക്കും. സംശയം തോന്നിയാല്‍ നാട്ടുകാര്‍ പൊലീസിനെ വിളിച്ചറിയാക്കാന്‍ മടിക്കരുതെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

നിരവധി കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന നാദാപുരം, വിലങ്ങാട് മേഖലയില്‍ സ്ഫോടക വസ്തു കടത്തും കൂടിയിട്ടുണ്ട്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് യാതൊരു രേഖയുമില്ലാതെ കൊണ്ടുവരുന്ന സ്ഫോടക വസ്തുക്കള്‍ അനധികൃത ക്വാറികളിലുള്‍പ്പെടെ കൈമാറുന്ന പ്രവണതയും കൂടിയിട്ടുണ്ട്. ലൈസന്‍സില്ലാതെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ റവന്യൂ വകുപ്പുമായി ചേര്‍ന്നുള്ള പരിശോധനയുമുണ്ടാകും.