കാണുമ്പോൾ ബഹുമാനിക്കുന്നില്ല; ആദിവാസി സ്ത്രീക്ക് മർദനം; ഒരാള്‍ അറസ്റ്റിൽ

കാണുമ്പോൾ ബഹുമാനിക്കുന്നില്ലെന്ന കാരണം പറഞ്ഞ് ആദിവാസി സ്ത്രീയെ ക്രൂരമായ മർദ്ദിച്ച കേസിൽ തൊട്ടടുത്ത കോളനിയിലെ ആദിവാസി പിടിയിൽ. കരുവാരക്കുണ്ട് പുറ്റള കോളനിയിലെ രാജനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. 

രാത്രി എട്ടിന് വീട്ടിക്കുന്നിൽ നിന്നും നെല്ലിക്കല്ലടി മിച്ചഭൂമി കോളനിയിലെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിലാസിനിയെ രാജന്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി. കരിങ്കൽ കഷ്ണം ഉപയോഗിച്ചാണ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചത്. ഒട്ടേറെ തവണ മുഷ്ടി ചുരുട്ടി മുഖത്തടിച്ചു.  ഒടുവില്‍ റോഡില്‍ നിന്ന് താഴ്ച്ചയുളള ഭാഗത്തേക്ക് എടുത്തെറിഞ്ഞുവെന്നാണ് പരാതി. 

അറസ്റ്റിലായ രാജൻ മുൻപ് ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രാജന്റെ ആക്രമണത്തിന് കോളനിയിലെ പലരും നേരത്തെ ഇരയായിട്ടുണ്ട്. കോളനിയില്‍ ചട്ടമ്പിയായി അറിയപ്പെടുന്ന രാജനെ  വിലാസിനി വിലാസിനി ഗൗനിക്കാത്തതാണ് ആക്രമണത്തിനു കാരണം. വൈകിട്ടു ടൗണില്‍ വച്ച് നേരില്‍ കണ്ടപ്പോള്‍ മോശമായി സംസാരിച്ച രാജനെ പരസ്യമായി ചീത്ത പറഞ്ഞതും പ്രകോപനത്തിന് കാരണമായി. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.