അയൽവാസികൾ ക്രൂരമായി മർദ്ദിച്ചു; പ്ലസ്​ വൺ വിദ്യാർഥിനി അവശനിലയിൽ

കോട്ടയം മേലുകാവില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. പരാതിയുമായെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കുമെന്ന് മേലുകാവ് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണം. കേസ് ഒതുക്കി തീര്‍ക്കാനുള്ള മേലുകാവ് പൊലീസിന്‍റെ നടപടിക്കെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 

കടനാട് സ്വദേശികളായ ഏഴാം ക്ലാസുകാരിയും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും തമ്മിലുണ്ടായ വഴക്കാണ് ക്രൂരമര്‍ദനത്തില്‍ കലാശിച്ചത്. വഴക്കുണ്ടായി രണ്ട് ദിവസത്തിന് ശേഷം ഏഴാം ക്ലാസുകാരിയുടെ ബന്ധുക്കളായ സ്ത്രീകള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. അവശയായ വിദ്യാര്‍ഥിനിയെ കല്ലുകൊണ്ട് അക്രമിക്കാനും ശ്രമമുണ്ടായി. അയല്‍വാസിയായ സ്ത്രീ കണ്ടതോടെയാണ് മറ്റ് രണ്ട് സ്ത്രീകള്‍ അക്രമത്തില്‍ നിന്ന് പിന്‍മാറിയത്.

പരാതിയുമായെത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തോട് കേസ് ഒത്തുതീര്‍പ്പാക്കാനാണ് മേലുകാവ് പൊലീസ് ആവശ്യപ്പെട്ടത്. അതിന് വഴങ്ങിയില്ലെങ്കില്‍ പീഡനക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കുള്‍പ്പെടെ കുടുംബം നേരിട്ട് പരാതി നല്‍കി. മര്‍ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിനി പൂര്‍ണ ആരോഗ്യം ഇനിയും വീണ്ടെടുത്തിട്ടില്ല.