നെടുങ്കണ്ടം സ്റ്റേഷനിൽ സിബിഐയുടെ മിന്നൽ പരിശോധന; 4 മണിക്കൂര്‍ തെളിവെടുപ്പ്

രാജ്കുമാർ കസ്റ്റഡി മരണം  അന്വേഷിക്കുന്ന  സിബിഐ അന്വേഷണ സംഘം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ   മിന്നൽ പരിശോധന നടത്തി. ബുധനാഴ്ച രാത്രി  പൊലീസ് സ്റ്റേഷനിലെത്തിയ അന്വേഷണ സംഘം നാല് മണിക്കൂര്‍  നീണ്ട തെളിവെടുപ്പാണ് നടത്തിയത്.  സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ഹരിത ഫിനാൻസ് തട്ടിപ്പിലും , രാജ്കുമാർ കസ്റ്റഡി മരണ കേസിലും സിബിഐ സംഘം അന്വേഷണം സജീവമാക്കി,  തൂക്കുപാലത്തു പണം നഷ്ടപ്പെട്ടവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഇതിനു ശേഷമാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തിയത്. രാജ് കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ച ദിവസങ്ങളിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരിൽ നിന്നും സിബിഐ സംഘം വിശദമായി മൊഴിയെടുത്തു.

3 മണിക്കുർ മൊഴിയെടുത്ത സംഘം രാജ് കുമാറിനെ പാർപ്പിച്ചിരുന്ന വിശ്രമ മുറിയിൽ പരിശോധന നടത്തി.  രാജ് കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും, പീരുമേട് സബ് ജയിലിലും  തെളിവെടുപ്പ് നടത്തിയിരുന്നു. ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളെയും, രാജ് കുമാർ ഉരുട്ടിക്കൊല കേസിലെ പ്രതികളായ പൊലീസുകാരെയും വീണ്ടും ചോദ്യം ചെയ്യും. ഇത് രണ്ടാം തവണയാണ് സിബിഐ സംഘം നെടുങ്കണ്ടത്ത്  നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നത്.

2019 ജൂൺ മാസം 12 മുതൽ 16 വരെ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ച് മർദ്ദിച്ച കേസിലാണ് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായത്. ജൂൺ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ് കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. തുടർന്ന് നടന്ന പരിശോധനയില്‍  കസ്റ്റഡി മർദനമാണ് മരണ കാരണമെന്ന് കണ്ടെത്തുകയായിരുന്നു.