മാൻവേട്ടക്കേസിൽ അഞ്ചാം പ്രതിയും പിടിയിൽ; പിടിച്ചെടുത്തത് 150 കിലോ ഇറച്ചി

കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ നൂറ്റി അന്‍പത് കിലോയിലധികം മാനിറച്ചി പിടികൂടിയ കേസില്‍ അഞ്ചാമനും അറസ്റ്റില്‍. മലമാനെ വെടിയുതിര്‍ത്ത കൂടരഞ്ഞി സ്വദേശി ബിനോയിയാണ് താമരശ്ശേരി വനപാലകരുടെ പിടിയിലായത്. ബിനോയിയെ മൃഗവേട്ട നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. 

മൂന്ന് മാസം മുന്‍പാണ് കുണ്ടംതോട് വനത്തില്‍ മലമാനിനെ വേട്ടയാടിയതിന് മുക്കം സ്വദേശി ജിതീഷ് പിടിയിലായത്. വനപാലകരെ കണ്ടയുടന്‍ ബൈക്കുപേക്ഷിച്ച് രണ്ടുപേര്‍ രക്ഷപ്പെട്ടു. കൂടര‍‍ഞ്ഞി സ്വദേശികളായ ഷജല്‍ മോന്‍, ജോര്‍ജ് കുട്ടി, ബോബി എന്നിവരും പിന്നാലെ പിടിയിലായി. ഇവരുടെ മൊഴിയിലാണ് മലമാനിനെ വെടിയുതിര്‍ത്തത് ബിനോയിയെന്ന് തെളിഞ്ഞത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ താമരശ്ശേരിയിലെത്തി കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വേട്ടയെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇയാള്‍ സമ്മതിച്ചു. ഹോട്ടലുകാര്‍ക്കുള്‍പ്പെടെ ഇറച്ചി കൈമാറുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതുവരെ വേട്ടയാടാനുപയോഗിച്ച തോക്ക് കണ്ടെത്താനായിട്ടില്ല. 

ജീപ്പിന്റെ പ്ലാറ്റ്ഫോമില്‍ ചാക്കിലാക്കിയാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്. നൂറ്റി അന്‍പത് കിലോയിലധികം വരുന്ന ഇറച്ചിയും മുറിച്ച് മാറ്റാനുപയോഗിച്ച വിവിധ തരത്തിലുള്ള കത്തികളും, രണ്ട് ബൈക്കുകളും കണ്ടെടുത്തിരുന്നു. മാനിന്റെ തോലും തലയുമുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ സംഘം വനത്തില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു മൊഴി.