ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവാവ് 25 ദിവസമായിട്ടും ബോധം വീണ്ടെടുത്തില്ല; ഗുരുതരം

തിരുവനന്തപുരം കാട്ടായിക്കോണത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിന് ഇരയായ യുവാവ് 25 ദിവസമായിട്ടും ബോധം വീണ്ടെടുക്കാനാവാതെ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. അനന്തുവിനെ ആക്രമിച്ച സംഘത്തെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാന്‍ പോത്തന്‍കോട് പൊലീസും തയാറായിട്ടില്ല. രാഷ്ട്രീയ സമ്മര്‍ദമാണ് പ്രതികളെ രക്ഷിക്കാന്‍ കാരണമെന്ന് ആക്ഷേപം ശക്തമായി.

 ഇരുപത്തിമൂന്നുകാരനായ അനന്തു ഈ കിടപ്പിലായിട്ട് 25 ദിവസമായി. പൂര്‍ണമായും അബോദാവസ്ഥയിലാണ്. മെഡിക്കല്‍ കോളജിലായിട്ട് പോലും ഇതുവരെ നടന്ന ചികിത്സക്കായി ഒന്നരലക്ഷത്തിലേറെ രൂപ ചെലവായി. അനന്തുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇനി എന്ത് ചെയ്യുമെന്ന ആധിയിലാണ് കുടുംബം.

അനന്തുവിനെ ഈ ഗതിയിലാക്കിയവരെ ഇപ്പോഴും പൊലീസും ചില രാഷ്ട്രീയനേതാക്കളും ചേര്‍ന്ന് സംരക്ഷിക്കുകയാണ്. ഡിസംബര്‍ 31ന് രാത്രിയാണ് ഒരു സംഘമാളുകള്‍ കല്ലും കമ്പിപ്പാരയും ബീയര്‍ കുപ്പിയും കൊണ്ട് ആക്രമിച്ചത്. തലക്കടക്കം അടിയേറ്റ് ഓടിരക്ഷപെടാന്‍ ശ്രമിച്ച അനന്തു കുഴഞ്ഞ് വീഴുകയായിരുന്നു. അതിന് ശേഷം കണ്ണുതുറന്നിട്ടില്ല.

അനന്തുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാഴവിള സ്വദേശികളായ അനൂപ്, പ്രവീണ്‍, പ്രസാദ് എന്നിവരാണ് ആക്രമിച്ചതെന്ന് വ്യക്തമായതോടെ കൊലക്കുറ്റം ചുമത്തി കേസെടുത്തതല്ലാതെ പൊലീസ് ഒന്നും ചെയ്തില്ല. പ്രതികള്‍ എവിടെയെന്ന് അന്വേഷിക്കാന്‍ പോലും പോത്തന്‍കോട് സി.ഐയുടെ നേതൃത്വത്തിലെ സംഘം തയാറാകുന്നില്ല.