സവാളയുടെ മറവിൽ സ്പിരിറ്റ് കടത്ത്; പ്രതികൾ നാല് പേരും ഒാടി രക്ഷപ്പെട്ടു

സവാള കയറ്റിയ ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് വീട്ടില്‍ ഇറക്കുന്നതിനിടെ പൊലീസ് പിടികൂടി. തൃശൂര്‍ വരന്തരപ്പിള്ളിയ്ക്കു സമീപം കള്ളായിയിലാണ് 2850 ലീറ്റര്‍ സ്പിരിറ്റ് പിടിച്ചത്. നാലു പേര്‍ ഓടി രക്ഷപ്പെട്ടു. 

സവാളയുമായി വരന്തരപ്പിള്ളി കള്ളായി വേപ്പൂരില്‍ വന്നിട്ടുള്ള ലോറി പരിശോധിക്കണമെന്നായിരുന്നു ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍.സന്തോഷിനു ലഭിച്ച രഹസ്യസന്ദേശം. സമയം പാഴാക്കാതെ, ഡിവൈ.എസ്.പി ഉടനെ വരന്തരപ്പിള്ളി സ്റ്റേഷനിലെ എസ്.ഐയേയും സംഘത്തേയും സ്ഥലത്തേയ്ക്കു വിട്ടു. പൊലീസ് സംഘം എത്തുമ്പോള്‍ നാലു പേര്‍ ലോറിയില്‍ നിന്ന് കന്നാസുകള്‍ ഇറക്കുകയായിരുന്നു. പൊലീസിനെ കണ്ടതും ഇവര്‍ ലോറിയില്‍ നിന്ന് ചാടി ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒറ്റനോട്ടത്തില്‍ ലോറിയില്‍ നിറയെ സബോള. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ സബോള്‍ക്കിടയില്‍ കന്നാസുകള്‍. പരിശോധിച്ചപ്പോള്‍ സ്പിരിറ്റ്. തൃശൂരില്‍ പെരുന്നാള്‍, ഉല്‍സവ സീസണ്‍ പ്രമാണിച്ച് വ്യാജ മദ്യം നിര്‍മിക്കാന്‍ കൊണ്ടുവന്ന സ്പിരിറ്റാണിതെന്ന് പൊലീസ് കണ്ടെത്തി. ഓടി രക്ഷപ്പെട്ട നാലു പേരേയും പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി. 

ആറേക്കര്‍ ഭൂമിയിലുള്ള പഴയ വീട്ടിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്ഥിരമായി ഈ വീട്ടില്‍ ലോറി വരാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. പിടിച്ചെടുത്ത കന്നാസുകള്‍ എക്സൈസിന് കൈമാറും. വീട്ടുടമയെ ചോദ്യംചെയ്യും. ഇതരസംസ്ഥാനത്തു നിന്ന് കടത്തിയ സ്പിരിറ്റാണിത്. ചെക്പോസ്റ്റിലോ വഴിയിലോ പൊലീസും എക്സൈസും പിടിക്കാതിരിക്കാന്‍ ചെയ്ത സൂത്രപണിയായിരുന്നു സബോളയുടെ മറവിലുള്ള ഈ സ്പിരിറ്റ് കടത്ത്.