വഴിയാത്രക്കാരനെ ഇടിച്ചു കൊന്നു; കാർ പരിശോധിച്ചപ്പോൾ ഒന്നരകോടിയോളം രൂപ

നീലേശ്വരത്ത് വഴിയാത്രക്കാരനെ ഇടിച്ച് നിർത്താതെ കടന്നുകളഞ്ഞ കാർ വളപട്ടണത്ത് വച്ച് പിടികൂടിയപ്പോൾ ഒന്നരക്കോടിയോളം രൂപ കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. അപകടത്തിൽ പരുക്കേറ്റ പച്ചക്കറി വ്യാപാരി കരുവാച്ചേരിയിലെ കുഞ്ഞിപ്പുരയിൽ കെ.പി.തമ്പാൻ അപകടത്തിൽ മരിച്ചുരുന്നു. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ലി ഖാനാപൂർ ഹിവാരെ സ്വദേശി എസ്.ബി. കിഷോർ തനാജി (33), ഖാനാപൂർ ബൂദ് സ്വദേശി സാഗർ ബാലസോഗിലാരെ (21) എന്നിവരെ വളപട്ടണം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കെ.പി.തമ്പാൻ, പൊലീസ് പിടികൂടിയ സാഗർ ബാലസോഗിലാരെ, കിഷോർ തനാജി.

കാറിൽ നിന്ന് 1. 45 കോടി രൂപയാണ്  പൊലീസും കസ്റ്റംസ് ആൻഡ് എൻഫോഴ്സ്മെന്റ് ടീമും ചേർന്ന് പിടിച്ചെടുത്തത്. ഇന്നലെ പുലർച്ചെ 5.45നു ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പിഡബ്ല്യുഡി ഓഫിസിനു സമീപമായിരുന്നു അപകടം. വീട്ടിൽ നിന്നിറങ്ങി കടയിലേക്കു നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിർത്താതെ പോയ കാർ കണ്ടെത്താൻ പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരുന്നു.

തുടർന്നുള്ള പരിശോധനയിലാണ് കണ്ണൂർ വളപട്ടണത്തു വച്ചു കാർ കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരം ലഭിച്ച എൻഫോഴ്സ്മെന്റും പരിശോധന നടത്തിയിരുന്നു. വളപട്ടണത്ത് കാർ കസ്റ്റഡിയിലായെന്ന് അറിഞ്ഞതോടെ സംഘം സ്റ്റേഷനിൽ എത്തി. പരിശോധനയിലാണ് പിൻ സീറ്റിന് അടിയിലെ രഹസ്യ അറയിൽ പണം കണ്ടത്. പെട്രോൾ ടാങ്ക് രണ്ടായി ഭാഗിച്ച് മറ്റൊരു അറ കൂടി നിർമിച്ചാണ് പണം ഒളിപ്പിച്ചത്.