യുവതിയുടേയും കുഞ്ഞിന്റേയും ദുരൂഹ മരണം: അന്വേഷണം ഇഴയുന്നു: പരാതിയുമായി ബന്ധുക്കൾ

കോഴിക്കോട് കുന്ദമംഗലത്ത് യുവതിയെയും കുഞ്ഞിനെയും കിണറില്‍ മരിച്ച നിലയില്‍ കണ്ടതില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയിട്ടും അന്വേഷണം ഇഴയുന്നുവെന്ന് ആക്ഷേപം. പ്രതികളെ രക്ഷപ്പെടാന്‍ പൊലിസ് സഹായിക്കുന്നുവെന്നാരോപിച്ച് നിജിനയുടെ ബന്ധുക്കള്‍ രംഗത്തെത്തി. നടന്നത് കൊലപാതകം തന്നെയെന്ന് ആക്ഷന്‍ കമ്മറ്റിയും ആരോപിച്ചു. 

കുന്ദമംഗലം വെള്ളൂരില്‍ മുപ്പതുകാരിയായ യുവതിയെയും എട്ടുമാസം പ്രായമുള്ള മകന്‍ റൂട്ട്്്വിച്ചിനെയും കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി എട്ടുദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് നിജിനയുടെ സഹോദരന്‍ നിജേഷ് അടക്കമുള്ള ബന്ധുക്കളുടെ ആക്ഷേപം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പലതരത്തിലുള്ള ആശയകുഴപ്പം നിലനില്‍ക്കുന്നു. അതിനാല്‍ തന്നെ അന്വേഷണത്തിന് വേഗം പോര. ഇതേനില തുടര്‍ന്നാല്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനാണ് ആലോചന. 

ആത്മഹത്യയാണെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനമെങ്കിലും കൊലപാതകമാണെന്ന് ആവര്‍ത്തിക്കുകയാണ് ആക്ഷന്‍ കമ്മറ്റി. നിജിനയെ സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍തൃമാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് രഖിലേഷും മാതാപിതാക്കളും ഒളിവിലാണ്.