ഐ.ഐ.ടി വിദ്യാർഥിനിയുടെ ആത്മഹത്യ; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനം

മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാർഥിനി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ പീഡനം മൂലമെന്ന് കുടുംബം. സുദർശന്‍ പത്മനാഭൻ എന്ന അധ്യാപകനാണ് മരണത്തിനു കാരണക്കാരനെന്ന വിദ്യാര്‍ഥിനിയുടെ കുറിപ്പും ലഭിച്ചു. മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫിന്‍റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതു തെളിയിക്കുന്ന കുറിപ്പ് ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ചിട്ടുണ്ട്.

കുറ്റക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് തമിഴ്നാട് പൊലീസ് സ്വീകരിക്കുന്നത്. മൃതദേഹം ഏറ്റുവാങ്ങാനായി ചെന്നൈയില്‍ പോയ കൊല്ലം മേയര്‍ ഉള്‍പ്പടെയുള്ളവരോട് പൊലീസ് മോശമായാണ് പെരുമാറിയതെന്നും കുടുംബം ആരോപിക്കുന്നു. മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ടും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇമെയിലിലും പരാതി നല്‍കി. ഐ.ഐ.ടിയിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയാണ് ഫാത്തിമ ലത്തീഫ് വിജയിച്ചത്.