പൊലിസിനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട് വടകര കുരിയാടില്‍ പൊലിസിനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ . ഒാണാഘോഷവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനിടെയായിരുന്നു പൊലിസിനു നേരെ ആക്രമണമുണ്ടായത്. 

ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ഒാണപരിപാടിക്കിടെ ബുധനാഴ്ചയാണ് ആദ്യം പ്രശ്നമുണ്ടായത്. പ്രശ്നമുണ്ടാക്കിയ ആളെ കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയപ്പോഴാണ് ജനക്കൂട്ടം പൊലിസിനു നേരെ തിരിഞ്ഞത്. പൊലിസിന്റെ വാഹനം തടയുകയും ഉന്തുതള്ളും ഉണ്ടാവുകയും ചെയ്തു. ഈ ബഹളത്തിനിടെ കസ്റ്റഡിയിലെടുത്ത യുവാവ് ഒാടി രക്ഷപ്പെട്ടു.

പൊലിസിനു നേരെയുണ്ടായ ആക്രമണത്തില്‍  നാലു പൊലിസുകാര്‍ക്കാണ്  പരുക്കേറ്റിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട്  കൈതവളപ്പില്‍ മനോജ്, കളത്തില്‍ ബിജു, കളത്തില്‍ ഷൈജു എന്നിവരാണ്  അറസ്റ്റിലായത്.പൊലിസിനെ ആക്രമിച്ച സംഭവത്തില്‍ നാല്‍പത് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.