തമിഴ്‌നാട്ടില്‍നിന്ന് കടത്തികൊണ്ട് വന്ന നാലുകിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ഓണക്കാലം ലക്ഷ്യം വച്ച് തമിഴ്‌നാട്ടില്‍നിന്ന്  കടത്തികൊണ്ട് വന്ന നാലുകിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ ഇടുക്കി രാജാക്കാട് വെച്ച് പിടിയിലായി. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. പ്രതികൾ  സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

തമിഴ്‌നാട് ഉസലംപെട്ടി സ്വദേശികളായ സച്ചിന്‍, മാസാണം എന്നിവരെയാണ്  രാജാക്കാട് സി.ഐ ഹണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

ഓണക്കാലം ലക്ഷ്യം വച്ച് ഇടുക്കിയിലേയ്ക്ക് കഞ്ചാവും മറ്റ് ലഹരിവവസ്തുക്കളും അതിര്‍ത്തി കടന്നെത്തുവാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അതിര്‍ത്തി മേഖലകളിലടക്കം പരിശോധന കര്‍ശനമാക്കുന്നതിന് ഇടുക്കി എസ് പി നിര്‍ദേശം  നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി  മേഖലകളിലും മറ്റും പൊലീസ് പരിശോധന കര്‍ശനമാക്കി.  രാജകുമാരി കുളപ്പാറച്ചാലിനും, കുരുവിളാസിറ്റിക്കുമിടയില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ്കാറില്‍ കടത്തികൊണ്ട് വന്ന കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയിലായത്. കാറിന്റെ ഡിക്കിയില്‍ ഒളുപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. 

തമിഴ്നാട്ടില്‍നിന്ന്  കേരളത്തിലേയ്ക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ്  പിടിയിലായത്. ഇടുക്കി ജില്ലയില്‍ ഇവരുമായി ബന്ധപ്പെട്ട മറ്റ് കൂടുതല്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.