പ്രണയത്തെചൊല്ലിയുള്ള അക്രമങ്ങള്‍ തമിഴ്നാട്ടില്‍ പതിവാകുന്നു

പ്രണയത്തെ ചൊല്ലിയുള്ള അക്രമങ്ങള്‍ തമിഴ്നാട്ടില്‍ പതിവാകുന്നു. ട്രിച്ചിയില്‍ കഴിഞ്ഞ ദിവസം യുവാവിനെ നഗരമധ്യത്തില്‍ വെട്ടിവീഴ്ത്തി. ദുരഭിമാനക്കൊലകളും അക്രമങ്ങളും തടയാന്‍ നടപടിയെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കേയാണ് അക്രമങ്ങള്‍ പെരുകുന്നത്.

തമിഴ്നാട്ടില്‍ പ്രണയം അക്രമത്തില്‍ കലാശിക്കുന്നത് പതിവാകുന്നു.  ധര്‍മ്മപുരിയില്‍ ഇതരജാതിയില്‍പെട്ട കാമുകിയുമായി ഒളിച്ചോടിയതിനെ  തുടര്‍ന്ന് കുടുംബത്തിലെ എട്ടുപേരെ ആക്രമിച്ചു  റോഡരികിലെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് പുതിയ സംഭവം.. ഇത്തവണ തിരുച്ചിറപ്പളിയിലെ അക്രമമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.തിരുവാണക്കോവില്‍  ഭാരതി സ്ട്രീറ്റില്‍ വച്ച് പട്ടാപകല്‍ ഒരുസംഘം യുവാവിനെ കമ്പിവടിക്കൊണ്ടടിച്ചുവീഴ്ത്തി ആക്രമിച്ചത്. 

സംഭവത്തെ കുറിച്ചു തിരിച്ചറപ്പള്ള ി പൊലീസിന്റെ വിശദീകരണം ഇങ്ങനെ- തിരുവാണക്കോവിലിലെ മണികണ്ഠനെന്ന ഇരുപത്തിയഞ്ചുകാരന്‍ സമീപവാസിയായ യുവതിയുമായി പ്രണയത്തിലായിരുന്നു.ഇതുസംബന്ധിച്ചു യുവതിയുടെ സഹോദരനുമായി  പ്രശ്നങ്ങളുണ്ടായിരുന്നു.ഈ പ്രശ്നങ്ങളാണ് ആക്രമത്തിലേക്കെത്തിയതെന്നാണ്  പൊലീസ് പറയുന്നത്. വെട്ടേറ്റ സാരമായ പരുക്കുകളോടെ  മണികണ്ഠനെ തിരിച്ചിറപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ അക്രമങ്ങളും കൊലപാതകങ്ങളും പതിവാകുന്നതില്‍ നേരത്തെ മദ്രാസ് ഹൈക്കോടതി നടുക്കം രേഖപെടുത്തിയിരുന്നു. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയ്ക്കാണ് വീണ്ടും അക്രമം ഉണ്ടായത്.