പ്രതിയായ സിപിഎം കൗൺസിലറെ രക്ഷിക്കാന്‍ ശ്രമം; പരാതി പിൻവലിക്കാൻ നീക്കം

പാലക്കാട് ഒറ്റപ്പാലം നഗരസഭാ ഓഫീസിലെ മോഷണകേസിൽ പരാതിക്കാരിയായ സിപിഎം വനിതാ നേതാവ് കേസ് പിൻവലിക്കാൻ കോടതിയെ സമീപിച്ചു. കേസിൽ പ്രതിയായ സിപിഎം വനിതാ കൗൺസിലറെ അറസ്റ്റിൽ നിന്നൊഴിവാക്കാണിത്. 

നഗരസഭാ ഓഫിസിൽ നിന്നു കാണാതായെന്നു കരുതിയ 38,000 രൂപ വീട്ടിൽ നിന്നു തിരിച്ചു കിട്ടിയെന്നാണു പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. ലത ഒറ്റപ്പാലം കോടതിയെ ബോധിപ്പിച്ചത്. ഈ സാഹചര്യത്തിൽ മറ്റൊരു കൗണ്‍സിലറായ ബി സുജാതയെ പ്രതിയാക്കിയുളള തുടർനടപടികൾ അവസാനിപ്പിക്കണമെന്ന് കോടതിക്ക് സത്യവാങ്മൂലം നല്‍കി. പൊലീസിനു വേണ്ടി ഹാജരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇതിനോട് എതിർപ്പു പ്രകടിപ്പിച്ചില്ല. കേസില്‍ നാളെ കോടതി വിധി പറയും. 

പരാതിക്കാരിയും പ്രതിയും സിപിഎമ്മായതോടെ പാര്‍ട്ടിക്ക് വലിയ രീതിയില്‍ നാണക്കേടുണ്ടായക്കിയ സംഭവമാണിത്. ഒത്തുതീര്‍പ്പിന് നില്‍ക്കാതെ പൊലീസ് നടപടി വേഗത്തിലാക്കിയതാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. കേസ് അന്വേഷിച്ച എസ്െഎയെ കഴിഞ്ഞ ദിവസം മറ്റ് കാരണങ്ങളാല്‍ സ്ഥലം മാറ്റിയിരുന്നു.