വാഹനാപകടത്തില്‍പെട്ടു, ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ദേഹത്തു കഞ്ചാവ് പൊതി

കഞ്ചാവു കടത്തുന്നതിനിടെ കൊല്ലം ആര്യങ്കാവില്‍ യുവാക്കള്‍ വാഹനാപകടത്തില്‍പെട്ടു. ഗുതുരതരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ദേഹത്തു നിന്നു കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു. അപകടത്തില്‍പെട്ട നാലു പേരെയും വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവ് ഇടപ്പാളയത്തിന് സമീപം ബൈക്കുകൾ തമ്മില്‍ കൂട്ടിയിടിച്ച് നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുകാര്‍ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രയിലെത്തിച്ചു. പരിശോധനകള്‍ക്കായി ഡോക്ടര്‍മാര്‍ ഇടപ്പാളയം  സ്വദേശി ശ്യാമിന്റെ വസ്ത്രം മാറ്റുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ഒരു കിലോയോളം വരുന്ന കഞ്ചാവ് പൊതിയിലാക്കി അരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഞ്ചാവ് ഡോക്ടര്‍മാര്‍ പുനലൂര്‍ പൊലീസിന് കൈമാറി. 

തമിഴ്നാട്ടില്‍ നിന്നു കഞ്ചാവും വാങ്ങി കേരളത്തിലേക്കു മടങ്ങും വഴി യുവാക്കള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കടത്തിയ ശ്യാമിനെയടക്കം അപകടത്തില്‍ പരുക്കേറ്റ നാലു പേരെയും വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രയിലേക്ക് മാറ്റി.