അതിസാഹസികമായി മോഷണം; സ്പൈഡർ അഭിലാഷ് അറസ്റ്റിൽ

കൊരട്ടി :  മോഷണക്കേസിൽ തിരയുന്ന പ്രതിയെ മറ്റൊരു മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ പൊലീസ് പിടികൂടി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഭിലാഷിനെ ( 28)യാണ് എസ്‌ഐമാരായ രാമു ബാലചന്ദ്രബോസ്, സിദ്ധിക്ക് അബ്ദുൽ ഖാദർ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. മുരിങ്ങൂരിൽ ജോലി സംബന്ധമായി താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി ഉദയകൃഷ്ണന്റെ 20,000രൂപ വിലയുള്ള മൊബൈൽ ഫോണും 5,000 രൂപയും ഇയാൾ മോഷ്ടിച്ചിരുന്നു. ഈ കേസിൽ പൊലീസ് തിരയുന്നതിനിടെ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന മേഖലയിൽ സംശയാപ്ദ സാഹചര്യത്തിൽ കണ്ട ഇയാളെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പിടികൂടുകയായിരുന്നു. 

ഉദയ്കൃഷ്ണന്റെ മോഷണം പോയ മൊബൈൽ ഫോൺ ഈ സമയം ഇയാളുടെ പക്കലുണ്ടായിരുന്നു. ഉയർന്ന കെട്ടിടങ്ങളുടെ മുകളിൽ അതിസാഹസികമായി കയറി മോഷണം നടത്തുന്നതിനാൽ സ്‌പൈഡർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം മോഷണക്കേസുകളിൽ  പ്രതിയാണ്. ഏതാനും മാസം മുൻപാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് ഇയാൾ പുറത്തിറങ്ങിയതെന്നു പൊലീസ് പറഞ്ഞു. ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളിലും കേസുകളുണ്ട്.