സിഐയുടെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞ് അഞ്ചൽ പെൺകുട്ടിയുടെ അമ്മ; കോടതിയിലെ കണ്ണീർകാഴ്ച

'ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ മകൾ അനുഭവിച്ചതു പോലെ എല്ലാ വേദനയും അവർ അനുഭവിക്കണം'; അന്വേഷണ ഉദ്യോഗസ്ഥന്റെ പാദങ്ങളിൽ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞ ആ അമ്മ കോടതിയിൽ കൂടിയവർക്കെല്ലാം കണ്ണീർ കാഴ്ചയായി. 

 ഏഴു വയസ്സുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കൊല്ലം ഒന്നാം അഡിഷനൽ സെഷൻസ് കോടതിയുടെ അത്യപൂർവമായ വിധിക്ക് ശേഷമായിരുന്നു ഈ നൊമ്പരക്കാഴ്ച്ച. ഒരു പ്രതിക്കു 3 ജീവപര്യന്തം തടവു വിധിക്കുന്നത് അപൂർവമാണ്. കൊല്ലം ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു വിധി. ജീവപര്യന്തത്തോടൊപ്പം മറ്റു തടവു ശിക്ഷകൾ കൂടിയുണ്ടെങ്കിൽ ഒരുമിച്ചു അനുഭവിക്കാണമെന്നാണ്  കോടതികൾ സാധാരണ ഉത്തരവാകാറുള്ളത്.  ഈ കേസിൽ 3 ജീവപര്യന്തം മാത്രമല്ല, അതിനു പുറമെയുള്ള  26 വർഷം കഠിന തടവും വെവ്വേറെ അനുഭവിക്കണം. പ്രതിയുടെ കുറഞ്ഞ പ്രായം പരിഗണിച്ചാണു വധശിക്ഷയിൽ നിന്നൊഴിവാക്കിയതെങ്കിലും ഏതാണ്ടു ജീവിതകാലം മുഴു‍വൻ ജയിലിൽ കിടക്കേണ്ടിവരും. 

വിധി കേട്ടതിനു ശേഷം വരാന്തയിൽ ബന്ധുക്കളോടൊപ്പം നിൽക്കുകയായിരുന്ന കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ. സിഐ എ.അഭിലാഷിനെ ഒന്നു കാണണമെന്നു അവർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ അടുത്തെത്തിയപ്പോൾ തൊഴുകയ്യുമായി നിന്നു. പെട്ടെന്നു പാദങ്ങളിലേക്കു വീണു തേങ്ങിക്കരഞ്ഞു. അപ്രതീക്ഷിതമായ അനുഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ സ്തബ്ധനായി. കൂടെ നിന്നവർ പിടച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ പാദങ്ങളിൽ മുറുകെ പിടിച്ചു കരഞ്ഞു. ബന്ധുക്കൾ ഏറെ ശ്രമിച്ചാണ്  പിടിച്ചെഴുന്നേൽപ്പിച്ചത്.