മലപ്പുറം സ്വദേശികളെ തട്ടിക്കൊണ്ടുപോയി പണം കവർച്ച; രണ്ട് പ്രതികൾ പിടിയിൽ

അത്ഭുത ശക്തിയുള്ള ഇറിഡീയം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മലപ്പുറം സ്വദേശികളെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. വര്‍ക്കല സ്വദേശി മുഹമ്മദ് റിയാസും നിസാമുമാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശികളെ വര്‍ക്കലയിലേക്ക് വിളിച്ചുവരുത്തി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം മര്‍ദിച്ചായിരുന്നു കവര്‍ച്ച.

മലപ്പുറം സ്വദേശിയായ ഹോട്ടല്‍ ഉടമ ഷാഹുല്‍ ഹമീദും സുഹൃത്ത് അബ്ദുള്‍ കരീമുമായിരുന്നു കവര്‍ച്ചയ്ക്കും മര്‍ദനത്തിനും ഇരയായത്. മുഖ്യപ്രതിയായ മുഹമ്മദ് റിയാസിനെ അബ്ദുള്‍ കരീം ട്രയിന്‍ യാത്രക്കിടയിലാണ് പരിചയപ്പെട്ടത്. ഇറിഡിയവും കോപ്പറും വീട്ടില്‍ വച്ചാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുെമന്നും റിയാസിന്റെ കൈവശമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വര്‍ക്കലയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചു. കൈവശമുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു.

മര്‍ദനമേറ്റ് കിടക്കുന്ന ഫോട്ടോയെടുത്ത് ബന്ധുക്കള്‍ക്ക് അയച്ച് നല്‍കിയ ശേഷം വിട്ടുകിട്ടണമെങ്കില്‍ പണം ആവശ്യപ്പെട്ടു. മക്കള്‍ 42000 രൂപ ബാങ്കിലും ഇട്ടുനല്‍കിയതോടെയാണ് ഇരുവരെയും മോചിപ്പിച്ചത്. മലപ്പുറത്തെത്തിയ ശേഷം പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. വെള്ളിമൂങ്ങ, ഇരുതല മൂരി തുടങ്ങിയവയെ വില്‍ക്കാമെന്ന് പറഞ്ഞ് ഇതിന് മുന്‍പും ഒട്ടേറെപ്പേരെ കബളിപ്പിച്ചതിനും റിയാസിനെതിരെ കേസുണ്ടെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു.