'ബിഗ് ബോസിൽ' വീണ്ടും പൊലീസ്?; ഇത്തവണ മീര മിഥുൻ

കമല്‍ ഹാസന്‍ അവതാരകനായെത്തുന്ന ബിഗ്ബോസ്  റിയാലിറ്റി ഷോയുടെ വേദിയില്‍ വീണ്ടും പൊലീസ് എത്തുമെന്ന് സൂചന. മല്‍സരാര്‍ഥിയായ നടി വനിതാ വിജയകുമാറിനെ  ചോദ്യം ചെയ്യാനായി  ബിഗ് ബോസ് ഹൗസില്‍ തെലുങ്കാന പൊലീസ് കയറിയതിനു പിറകെയാണ് ചെന്നൈ പൊലീസും സമാന നടപടിക്കൊരുങ്ങുന്നത്. മറ്റൊരു മല്‍സരാര്‍ഥിക്കെതിരെ സാമ്പത്തിക തട്ടിപ്പിനു പൊലിസ് കേസെടുത്തു. 

ഒരാഴ്ച മുമ്പാണ് കമല്‍ ഹാസനെ അവതാരകനാക്കി ബിഗ്ബോസ് തമിഴിന്റെ മൂന്നാം പതിപ്പ് തുടങ്ങിയത്. രാഷ്ട്രീയ മുനയുള്ള കമല്‍ ഹാസന്റെ വാക്കുകളിലൂടെ ശ്രദ്ധ നേടിയ ഷോ ഇപ്പോള്‍ മല്‍സരാര്‍ഥികളുടെ കേസുകളുടെ പേരിലാണ് അറിയപെടുന്നത്. നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മകള്‍ വനിത വിജയകുമാറാണ് ബിഗ് ബോസ് ഹൗസിലേക്ക് ആദ്യം പൊലിസിനെ കേറ്റിയത്. മുന്‍ഭര്‍ത്താവ് നല്‍കിയ കേസില്‍ ചോദ്യം ചെയ്യാനാണ്  തെലുങ്കാന പൊലീസ് എത്തിയത്. 

പരസ്പര ധാരണയോടെ പിരിഞ്ഞ സമയത്തെ കരാറിനു  വിരുദ്ധമായി മകളെ കാണാൻ അനുവദിക്കുന്നില്ലെന്നതായിരുന്നു വനിതയുടെ മുൻ ഭർതാതാവ് ആനന്ദ് രാജന്റെ പരാതി. ഇതില്‍ ചോദ്യം ചെയ്യാനായിരുന്നു പൊലിസിന്റെ വരവ്. അതേ സമയം അമ്മയ്ക്കൊപ്പം കഴിയാനാണു താൽപര്യമെന്നു മകൾ പൊലീസിനെ അറിയിച്ചതായാണു സൂചന. ഇതുണ്ടാക്കിയ ബഹളം അടങ്ങുന്നതിനു മുമ്പാണ്  മറ്റൊരു മല്‍സരാര്‍ഥി മീര മിഥുനെതിരെ ചെന്നൈ പൊലിസ് അന്വേഷണം തുടങ്ങിയത്.

ചെന്നൈ സ്വദേശിയായ ഫാഷൻ ഡിസൈനർ നൽകിയ സാമ്പത്തിക തട്ടിപ്പു കേസില്‍  അന്വേഷണം നടക്കുകയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. മീരയെ ചോദ്യം ചെയ്യാനായി പൊലീസ് ഉടൻ വീണ്ടും ബിഗ് ബോസ് ഹൗസിലെത്തിയേക്കുമെന്നാണ് സൂചന. വിവിധ മേഖലയിൽ നിന്നുള്ള 15 പ്രമുഖർ 100 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടിൽ  താമസിക്കുന്ന റിയാലിറ്റി ഷോയാണു ബിഗ് ബോസ്.