ശുചിമുറിയിൽ സ്വർണ്ണം കടത്തിയ കേസ്; യുവതി അറസ്റ്റിൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ശുചിമുറിയിൽനിന്ന് രണ്ടരക്കിലോ സ്വര്‍ണം കണ്ടെത്തിയ കേസില്‍ യുവതി പിടിയില്‍. സ്വര്‍ണം സ്ത്രീകളുടെ ശുചിമുറിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ആലപ്പുഴ സ്വദേശിനി ദുബായില്‍നിന്ന് മടങ്ങിവരുന്നതിനിടെയിലാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സിന്‍റെ പിടിയിലായത്.

ആലപ്പുഴ സ്വദേശിനി ശ്രീലക്ഷ്മി ജയന്തിയാണ് എയര്‍ കസ്റ്റംസിന്‍റെ പിടിലായത്. മൂന്നുമാസം മുന്‍പ് ഒരു കോടിരൂപ മൂല്യമുള്ള രണ്ടരകിലോ സ്വർണം സ്ത്രീകളുടെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്താവളത്തിലെ സി.സി.ടി.വി ക്യാമറകളിൽനിന്നാണ് അന്വേഷണസംഘം ശ്രീലക്ഷ്മിയുടെ പങ്ക് തിരിച്ചറിഞ്ഞത്. ദുബായില്‍നിന്ന് സ്വര്‍ണവുമായെത്തിയ യുവതി  കസ്റ്റംസ് പരിശോധന ശക്തമാണെന്ന് മനസിലാക്കി സ്വര്‍ണം ശുചിമുറിയില്‍ ഉപേക്ഷിച്ചശേഷം ആലപ്പുഴയിലേക്ക് പോയി. 

വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണം പുറത്തെത്തിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇതിന് മുന്‍പേ സ്വർണം കസ്റ്റംസ് കണ്ടെടുത്തു. കൊച്ചിയിൽനിന്നുതന്നെ മടക്കയാത്രക്കുള്ള ടിക്കറ്റും എടുത്തശേഷമാണ് ശ്രീലക്ഷ്മി കൊച്ചിയിലേക്ക് വന്നത്. സ്വർണം പിടികൂടിയതോടെ മടക്കയാത്ര തിരുവനന്തപുരം വഴിയാക്കിയെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതേതുടർന്ന് ഇവരെ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് നിരീക്ഷിച്ച് വരികയായിരുന്നു. അന്വേഷണസംഘം സമ്മര്‍ദം ശക്തമാക്കിയതോടെ ദുബായില്‍ ഒളിവിലായിരുന്ന ശ്രീലക്ഷ്മി തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. സ്വർണക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് ശ്രീലക്ഷ്മിയെന്നാണ് സൂചന.